devaswom

തിരുവനന്തപുരം:ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനം സംവരണം അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇതു സംബന്ധിച്ച ചട്ടങ്ങൾക്ക് വളഞ്ഞ വഴിയിൽ അംഗീകാരം നൽകാൻ നീക്കം.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ റിട്ട.ജഡ്‌ജി കെ.ശശിധരൻനായർ ചെയർമാനായ കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കമ്മിഷൻ റിപ്പോർട്ടിനു കാക്കാതെ, ദേവസ്വം ബോർഡുകളും റിക്രൂട്ട്മെന്റ് ബോർഡും ചേർന്നു തയ്യാറാക്കിയ ചട്ടങ്ങൾക്ക് അംഗീകാരം നൽകുകയാണ് ലക്ഷ്യം. ഇതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറിൽ ഇന്ന് ഉച്ചയ്ക്ക് വിവിധ ദേവസ്വം ബോർ‌ഡുകളുടെ പ്രസിഡന്റുമാരും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനും അംഗങ്ങളും പങ്കെടുക്കുന്ന യോഗം ചേരുന്നുണ്ട്.

അപേക്ഷകൻ ബി.പി.എൽ ലിസ്റ്റിൽപ്പെട്ട വ്യക്തിയാണെന്ന പഞ്ചായത്ത് ഓഫീസറുടെ സാക്ഷ്യപത്രവും, മുന്നാക്ക വിഭാഗക്കാരനാണെന്ന റവന്യൂ സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിൽ സംവരണാർഹരെ കണ്ടെത്താമെന്ന ശുപാർശയാണ് ഇവർ നൽകിയിരിക്കുന്നത്.

ചട്ടങ്ങൾ അംഗീകരിക്കപ്പെട്ടാൽ ഉടൻ ഉത്തരവിറങ്ങും. പാലാ ഉപതിരഞ്ഞെടുപ്പും തുടർന്നുള്ള അഞ്ച് ഉപതിരഞ്ഞെടുപ്പുകളും മുന്നിൽക്കണ്ടാണ് സർക്കാർ ധൃതിപിടിച്ച നീക്കം നടത്തുത്തതെന്നാണ് ആക്ഷേപം. ഉപതിരഞ്ഞെടുപ്പുകൾക്കു മുമ്പ് ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകണമെന്ന് സർക്കാരിനു മേൽ ചില സംഘടകൾ സമ്മർദ്ദം ചെലുത്തുന്നതായും വിവരമുണ്ട്.

2017നവംബർ രണ്ടാംവാരം ചേർന്ന മന്ത്രിസഭാ യോഗം അജണ്ടയ്ക്കു പുറത്തുള്ള വിഷയമായാണ് മുന്നാക്കക്കാർക്ക് സംവരണം നൽകാൻ തീരുമാനിച്ചത്. സാമുദായിക സംവരണം അട്ടിമറിക്കുന്ന തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സർക്കാർ ഉത്തരവിറക്കാതെ മൗനം നടിക്കുകയായിരുന്നു. തുടർന്ന് 2018 നവംബറിൽ ദേവസ്വം ബോർഡുകളോട് ഇതിനായുള്ള ശുപാർശകൾ പ്രത്യേകം നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. പാവപ്പെവരെ കണ്ടത്താനുള്ള മാനദണ്ഡം എന്താണെന്ന ചോദ്യം ഉയർന്നതോടെയാണ് കമ്മിഷനെ നിയോഗിച്ചത്. ഇപ്പോൾ കമ്മിഷനെ നോക്കുകുത്തിയാക്കി ബോ‌‌ർഡുകളുടെ ശുപാർശ അംഗീകരിക്കാനാണ് നീക്കം.

റാങ്ക് ലിസ്റ്റ് വൈകുന്നത്

ദേവസ്വം ബോർഡുകളിലേക്കുള്ള സബ് ഗ്രൂപ്പ് ഓഫീസർമാരെ നിയമിക്കാൻ 2018 ലാണ് വിജ്ഞാപനം ഇറക്കിയത്. 2019 ജൂണിൽ പരീക്ഷ നടത്തിയെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. സംവരണം പുതുക്കി നിശ്ചയിച്ച് ഉത്തരവിറക്കിയ ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ പുതിയ മാനദണ്ഡപ്രകാരം നിയമനം നടത്താമെന്ന കണക്കുകൂട്ടലും ഇപ്പോഴത്തെ തിടുക്കത്തിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം.

ശശിധരൻ കമ്മിഷൻ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കാലാകാലങ്ങളിൽ ചേരാറുള്ള യോഗമാണ് ഇന്നു നടക്കുന്നത്. എല്ലാ വിഷയങ്ങളും ചർച്ചചെയ്യും.

- കടകംപള്ളി സുരേന്ദ്രൻ

ദേവസ്വം മന്ത്രി