കിളിമാനൂർ: രോഗം വന്നാൽ നമ്മളെല്ലാവരും ആശുപത്രിയിൽ പോകും, എന്നാൽ രോഗം വേണമെന്നുള്ളവർക്ക് നേരേ വെഞ്ഞാറമൂട് പൊതു മാർക്കറ്റിലേക്ക് പോകാം. ഇവിടെ നിങ്ങൾ എത്തിയാൽ നല്ല വിലക്കുറവിൽ ശരീരം നിറയെ നിറയെ രോഗവാഹികളുമായി പോകാം. മലിനജലം ഒഴുകിയും, മാലിന്യങ്ങൾ നിറഞ്ഞും, കക്കൂസ് മാലിന്യം ഒഴുക്കിയും മാർക്കറ്റ് മാരക രോഗങ്ങൾ പിടിപെടാനുള്ള കേന്ദ്രമായി മാറിക്കഴിഞ്ഞു. നെടുമങ്ങാട് താലൂക്കിലെ പ്രധാന മാർക്കറ്റുകളിൽ ഒന്നായ വെഞ്ഞാറമൂട് മാർക്കറ്റിന്റെ ഈ അവസ്ഥ സംസ്ഥാന മനുഷ്യവകാശ കമ്മിഷനു മുന്നിൽ എത്തുകയും കമ്മിഷൻ നടപടി എടുക്കാൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടും ഉത്തരവ് പാലിച്ചിട്ടില്ലന്നാണ് ആരോപണം. മാലിന്യ സംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റ് ഉണ്ടങ്കിലും ബയോഗ്യാസിന് ആവശ്യക്കാരില്ലാത്തതിനാൽ പ്ലാന്റിൽ മാലിന്യം കൂടി പ്ലാന്റ് ഇടയ്ക്കിടെ പൊട്ടിത്തെറിച്ച് ദുർഗന്ധത്തിന് കാരണമാകുന്നു. മാലിന്യ സംസ്കരണത്തിന് മാർക്കറ്റിൽ തുമ്പൂർ മോഡൽ കമ്പോസ്റ്റ് പിറ്റ് സ്ഥാപിക്കുന്നതിന് പ്രോജക്ട് വച്ചങ്കിലും പദ്ധതി നടപ്പിലായിട്ടില്ല.
മാർക്കറ്റിനകത്ത് സ്ഥിതി ചെയ്യുന്ന കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മാലിന്യവും മാർക്കറ്റിനെ കൂടുതൽ മലിനമാക്കുകയാണ്. ഇതെല്ലാം ചൂണ്ടി കാട്ടി ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം മനുഷ്യവകാശ കമ്മിഷന് പരാതി നൽകുകയും തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറും, മലിനീകരണ നിയന്ത്രണ ബോർഡും അന്വേഷിച്ച് കമ്മിഷന് റിപ്പോർട്ട് നൽകുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ നിന്നും മാർക്കറ്റ് മലിനമാണന്ന് വ്യക്തമാണ്.ഇത്രത്തോളം രൂക്ഷമായ അവസ്ഥ സംജാതമായിട്ടും പ്രശ്നത്തിന് പരിഹാരം മാത്രം എങ്ങുമെത്തിയില്ല.
കമ്മിഷന്റെ ഉത്തരവിൽ മെഡിക്കൽ ഓഫീസർ നൽകിയ നിർദേശങ്ങൾ.
മാർക്കറ്റ് എല്ലാ ദിവസവും അടിച്ചു വാരി വൃത്തിയാക്കേണ്ടതാണ്.
മഴക്കാലങ്ങളിൽ മഴവെള്ളം മാർക്കറ്റിനുള്ളിൽ കെട്ടി നിൽക്കാതെ ഒഴുകി പുറത്തേക്ക് പോകുവാനുള്ള സംവിധാനം ഒരുക്കണം. * മാർക്കറ്റിന് ചുറ്റും സുരക്ഷിതമായ ചുറ്റുമതിൽ നിർമിക്കണം
ഇപ്പോൾ പ്രവർത്തിക്കാതിരിക്കുന്ന കക്കുസ്, മൂത്രപ്പുര എന്നിവ പ്രവർത്തിപ്പിക്കണം
മാർക്കറ്റിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽ നോട്ടം വഹിക്കാൻ ഈ പ്രദേശത്തെ അധികാര പരിധിയുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ നിയമിക്കണം.
കമ്മിഷന്റെ ഉത്തരവ് ഉണ്ടായിട്ടും പ്രശ്ന പരിഹാരത്തിന് പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാർക്കറ്റ് ലേലം ചെയ്തും, സ്റ്റാളുകളുടെ വാടകയിനത്തിലും വൻതുക ലഭിക്കുന്നുണ്ടങ്കിലും മലിനീകരണവും ദുർഗന്ധവും അകറ്റാൻ പഞ്ചായത്ത് ഒന്നും ചെയ്യുന്നില്ല.(തേമ്പാ മൂട് സഹദേവൻ, കൺവീനർ, ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ).
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച
മോഡേൺ ഹൈജീനിക് മത്സ്യ മാർക്കറ്റ് ചെലവ്: 2 കോടി
കെട്ടിടം പ്രവർത്തനമാരംഭിക്കാതെ നാശത്തിന്റെ വക്കിലായിട്ട് 4 വർഷം.