sep01a

ആ​റ്റിങ്ങൽ: വിവാദങ്ങൾക്കൊടുവിൽ കൊല്ലമ്പുഴയിൽ കുട്ടികളുടെ പാർക്കിന്റെ നിർമ്മാണം പൂർത്തിയായി . സെപ്തംബർ അഞ്ചിന് മന്ത്റി കടകംപള്ളിസുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.ഇനി പാർക്കിന്റെ ഉടമസ്ഥാവകാശവും സംരക്ഷണാവകാശവും നഗരസഭയ്ക്ക് തന്നെയായിരിക്കും. നഗരസഭയുടെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ ഈ പുനർ നിർമ്മിതികൾ നടന്നത്. വിനോദസഞ്ചാരവകുപ്പാണ് കൊല്ലമ്പുഴയിൽ വർഷങ്ങൾക്കുമുമ്പ് കുട്ടികൾക്കുവേണ്ടി പാർക്കും ബോട്ട് ക്ലബും സ്ഥാപിച്ചത്. കഠിനംകുളം കായലോരടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഏറെ പ്രതീക്ഷയോടെ പാർക്ക് തുറന്നത്. ഇവിടെ പാർക്കിനോട് ചേർന്ന് ഫ്ലോട്ടിംഗ് ബോട്ട്ജെട്ടിയും സ്ഥാപിച്ചിരുന്നു. എന്നാൽ ഇവിടേയ്ക്ക് ബോട്ട് കൊണ്ടുവരാൻ കഴിഞ്ഞില്ല. ബോട്ട്ജെട്ടി വെള്ളം കയറി നശിക്കുകയും ചെയ്തു. പാർക്കിലെ കളിക്കോപ്പുകൾ തുരുമ്പെടുത്ത് നശിച്ചതോടെ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാതെയായി.തുടർന്ന് ബി.സത്യൻ എം.എൽ.എ ഇടപെട്ടതോടെ പാർക്ക് നവീകരിക്കാൻ വിനോദസഞ്ചാരവകുപ്പ് വീണ്ടും മുന്നോട്ടു വരികയായിരുന്നു.

പാർക്കിന്റെ ഉടമസ്ഥാവകാശവും സംരക്ഷണാവകാശവും നഗരസഭയ്ക്ക് വിട്ടുനല്കണമെന്ന് ചെയർമാൻ എം.പ്രദീപ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും എം.എൽ.എ. വിനോദസഞ്ചാരവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ പാർക്ക് നവീകരിക്കാനുളള ഫണ്ടും നിയന്ത്റണാധികാരവും നഗരസഭയ്ക്ക് കൈമാറുകയായിരുന്നു.

പ്രവൃത്തിദിവസങ്ങളിൽ വൈകിട്ട് നാലുമുതൽ ഏഴുവരെയും അവധിദിവസങ്ങളിൽ വൈകിട്ട് മൂന്നുമുതൽ രാത്രി എട്ടുവരെയും കുട്ടികൾക്ക് പ്രവേശനം നല്കാനാണ് തീരുമാനം. 15വയസുവരെ പ്രായമുളള കുട്ടികൾക്കാണ് പ്രവേശനം. കുട്ടികൾക്കൊപ്പമെത്തുന്ന രക്ഷിതാക്കൾക്കും പാർക്കിനുള്ളിൽ കടക്കാം. കളിക്കോപ്പുകൾ ഉപയോഗിക്കാൻ കുട്ടികൾക്കുമാത്രമേ അനുവാദമുണ്ടാകൂ. നഗരസഭ ചെയർമാൻ എം.പ്രദീപ്

ഇപ്പോൾ ഇവിടെ ഒരുക്കിയിരിക്കുന്നത്

ആധുനിക കളിക്കോപ്പുകൾ

ആ​റ്റിങ്ങലിന്റെ ചരിത്രംപറയുന്ന ഒരു ചിത്രശാല

 ലഘുഭക്ഷണശാല

പാർക്കിന് പുറത്ത് ഒരു ഹോട്ടൽസംവിധാനം കൂടി ഉടൻ തുടങ്ങുമെന്ന് ചെയർമാൻ പറഞ്ഞു. ചെസ്, കാരംസ്, റിംഗ്ബോൾ, തുടങ്ങിയ വിനോദോപാധികളും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. പ്രാഥമിക ആവശ്യങ്ങൾ ഉൾപ്പെടെയുളള സൗകര്യങ്ങളും സജ്ജീകരിച്ചാണ് പാർക്ക് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.