sep01d

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ ശുഭയാത്ര എന്ന പേരിൽ ട്രാഫിക് ബോധവത്കരണം സംഘടിപ്പിച്ചു. ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും നാലുചക്ര വാഹന യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന വാഹന യാത്രക്കാരെ മിഠായി നൽകി അഭിനന്ദിച്ച കുട്ടികൾ നിയമം ലംഘിച്ചവർക്ക് മുന്നറിയിപ്പായി ട്രാഫിക് നിയമങ്ങൾ രേഖപ്പെടുത്തിയ മഞ്ഞകാർഡ് നൽകുകയും ചെയ്‌തു. ഹെൽമറ്റ് ധരിക്കാതെ വാഹനത്തിൽ സൂക്ഷിച്ചിരുന്നവർക്ക് കേഡറ്റുകൾ തന്നെ അത് തലയിൽ ധരിപ്പിച്ചു. അവനവഞ്ചേരി ജംഗ്ഷന് സമീപം നടത്തിയ വാഹന പരിശോധനാ പരിപാടിക്ക് ആറ്റിങ്ങൽ എസ്.ഐ എം.ജി. ശ്യാം, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീജൻ ജെ. പ്രകാശ്, രേഖ ആർ. നാഥ്, കമ്മൂണിറ്റി പൊലീസ് ഓഫീസർ എൻ. സാബു എന്നിവർ നേതൃത്വം നൽകി.