udf

തിരുവനന്തപുരം : പ്രളയാനന്തര പുനരധിവാസ പ്രവർത്തനത്തിലെ സർക്കാരിന്റെ സമ്പൂർണ പരാജയം, പി.എസ്.സിയുടെ വിശ്വാസ്യത തകർത്ത നടപടി, സർക്കാരിന്റെ അഴിമതി, ധൂർത്ത്, കെടുകാര്യസ്ഥത എന്നിവയ്ക്കെതിരെ യു.ഡി.എഫ് ജില്ലാകമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നാളെ രാപ്പകൽ സമരം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളിൽ കളക്‌ടറേറ്റുകൾക്ക് മുന്നിലുമാണു സമരം. തിരുവനന്തപുരത്ത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, കൊല്ലത്ത് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും, പത്തനംതിട്ടയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയും, ആലപ്പുഴയിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും, ഇടുക്കിയിൽ പി.ജെ. ജോസഫ് എം.എൽ.എയും, എറണാകുളത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, പാലക്കാട്ട് കെ. സുധാകരൻ എം.പിയും, മലപ്പുറത്ത് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും, കോഴിക്കോട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, കണ്ണൂരിൽ കെ. മുരളീധരൻ എം.പിയും കാസർകോട്ട് മുസ്ലിംലീഗ് നേതാവ് കെ.പി.എ. മജീദും സമരം ഉദ്ഘാടനം ചെയ്യും. തൃശൂരിൽ ആറാം തീയതിയാണ് രാപ്പകൽ സമരം. കോട്ടയം, വയനാട് ജില്ലകളിലെ രാപ്പകൽ സമരം പിന്നീട് തീരുമാനിക്കും.