തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ സാമാന്യം ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് ഇടുക്കി, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, ഇടുക്കി ജില്ലകളിലും, നാലിന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ കൺട്രോൾ റൂമുകൾ താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിൽ കാലവർഷം ശരാശരിയെക്കാൾ അഞ്ച് ശതമാനം കൂടിയിട്ടുണ്ട്. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ ശരാശരി 1780.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1869.9 മില്ലിമീറ്റർ ലഭിച്ചു.
ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായിട്ടുണ്ട്. ജല സംഭരണികളിലെ ജലനിരപ്പ് 55 ശതമാനമായി.
മത്സ്യത്തൊഴിലാളി
ജാഗ്രതാ നിർദ്ദേശം
കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. അഞ്ച് വരെ തെക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 45 - 55 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റടിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ തെക്കുപടിഞ്ഞാറ്, മദ്ധ്യപടിഞ്ഞാറ് അറബിക്കടൽ, മദ്ധ്യ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനം നടത്തരുത്.