pookkada

തിരുവനന്തപുരം: ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ഇന്ന് അത്തം. പത്താം നാൾ പൊന്നോണം. ഐശ്വര്യത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും ആഘോഷമായ ഓണത്തെ വരവേൽക്കാൻ മലയാള നാട് തയ്യാറായിക്കഴിഞ്ഞു. ഇന്നലെ അവധിദിനം കൂടിയായതിനാൽ വിപണികളിൽ തിരക്കേറി. ഏറ്റവുമധികം കച്ചവടം നടക്കുന്ന ഓണക്കാലം കച്ചവടക്കാർക്കും കർഷകർക്കും നൽകുന്ന പ്രതീക്ഷകളും ഏറെയാണ്. ഇന്നലെ പുത്തരിക്കണ്ടം മൈതാനത്തെ സപ്ലൈകോ ഓണച്ചന്തയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പലരും തിരക്ക് കാരണം മടങ്ങിപ്പോയി. പൊതു വിപണിയെക്കാളും കുറഞ്ഞ വിലയിൽ അരി, പയറു വർഗങ്ങൾ, പച്ചക്കറി തുടങ്ങിയ അവശ്യ സാധനങ്ങൾക്ക് പുറമേ 40 ശതമാനം വരെ വിലക്കുറവിൽ ഗൃഹോപകരണങ്ങളും ഓണച്ചന്തയിലുണ്ട്. ജയ അരി (കിലോയ്ക്ക്) ​- 25 രൂപ,​ മട്ട അരി - 24 രൂപ,​ പച്ചരി - 23 രൂപ,​ സുരേഖ അരി - 35 രൂപ,​ ചെറുപയർ - 61 രൂപ,​ കടല - 42 രൂപ,​ ഉഴുന്ന്- 60 രൂപ,​ പഞ്ചസാര- 22 രൂപ,​ വെളിച്ചെണ്ണ- 46 രൂപ (അര ലിറ്റർ),​ മുളക്- 75,​ മല്ലി- 82 എന്നിങ്ങനെ സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാകും. ഹോർട്ടികോർപ്പിന്റെ സെന്ററിലും താരതമ്യേന കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാണ്. അമര-25,​ വെണ്ട-26,​ പാവക്ക- 65,​ മത്തൻ- 20,​ ചീര- 45,​ പടവലം- 32,​ മാങ്ങ- 85,​ ഇഞ്ചി- 220,​ ഉരുളക്കിഴങ്ങ്- 35,​ കോവയ്ക്ക-38,​ ചേന- 45,​ സവാള- 34,​ ഏത്തൻകായ- 60,​ ഏത്തപ്പഴം- 63 എന്നിങ്ങനെയാണ് വില. കുടുംബശ്രീ ഉത്പന്നങ്ങളും കൈത്തറി വസ്ത്രങ്ങളും ചന്തയിൽ ലഭ്യമാകും. രാത്രി 8 മണി വരെയാണ് പ്രവർത്തനസമയം. 10ന് ഓണച്ചന്ത അവസാനിക്കും.

വിടരാൻ കൊതിച്ച് പൂ വിപണി

ഇന്നലെ പൂ വിപണിയും ഉണർന്നു. ചാല മാർക്കറ്റിലെ പൂക്കടകളിൽ തിരക്കേറിത്തുടങ്ങി. തമിഴ്നാട്ടിലെ തോവാള, കോയമ്പത്തൂർ എന്നിവിടങ്ങളിലും,​ ഗുണ്ടൽപേട്ട്, തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് കൂടുതലായും പൂക്കൾ മാർക്കറ്റിലെത്തുന്നത്. പൂക്കൾക്ക് ഡിമാൻഡ് കൂടുന്തോറും വിലയിലും വ്യത്യാസം വരും. വിനായകചതുർത്ഥിയും വന്നതോടെ വിപണി ഉണരുമെന്ന് തന്നെയാണ് വ്യാപാരികളുടെ പ്രതീക്ഷ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പൂക്കച്ചവടം കുറവാണെന്ന് വ്യാപാരികൾ പറയുന്നു. ഓണ സീസണിൽ കഷ്ടകാലം മാറുമെന്നാണ് പ്രതീക്ഷ. റോസിനും അരളിക്കുമാണ് ഏറ്റവും വില കൂടുതൽ. റോസിന് 300,​ വെള്ള അരളി 300,​ ചുവപ്പ് അരളി 350 എന്നിങ്ങനെയാണ് വില. മഞ്ഞ ജമന്തിക്ക് 100 രൂപയും ഓറഞ്ച് ജമന്തിക്ക് 110 രൂപയുമാണ് ഇന്നലെ ചാല മാർക്കറ്റിൽ ഈടാക്കിയത്. വെള്ള ജമന്തി 300,​ മുല്ല ഒരു മുഴം 60,​ വാടാമുല്ല 150,​ തെച്ചി 300,​ കോഴിപ്പൂ 100 രൂപ വീതവും വിലയുണ്ട്. കടകൾ അനുസരിച്ച് ഓരോ ഇനത്തിനും 40 രൂപ വരെ ഏറ്റക്കുറച്ചിലുണ്ട്.