തിരുവനന്തപുരം: ലൈംഗികതയെ ഒളിച്ചുവയ്‌ക്കേണ്ട കാര്യമായി ഇന്നത്തെ സമൂഹം കാണുകയാണെന്ന് എഴുത്തുകാരി ഇറാ ത്രിവേദി. മുൻകാലങ്ങളിൽ ലൈംഗികതയെ ആരാധിച്ചിരുന്ന സമൂഹമായിരുന്നു നമ്മുടേത്. എന്നാൽ അത് സമ്മതിക്കാൻ പോലും ഇന്ന് നമുക്ക് മടിയാണെന്നും അവർ പറഞ്ഞു. കനകക്കുന്നിൽ നടക്കുന്ന സ്‌പേസസ് ഫെസ്റ്റിൽ ഇന്ത്യയിലെ ലൈഗിക വിപ്ലവം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇറ. വേശ്യാവൃത്തി നിയന്ത്രിക്കാൻ ശക്തമായ സംവിധാനങ്ങൾ ഇന്ന് ഇന്ത്യയിലില്ല. ഡേറ്റിംഗ് ആപ്പുകൾ വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുകയും അവർക്കനുകൂലമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുകയും ചെയ്യുന്നത് ദു:ഖകരമാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രൊഫ.ലതാ നായർ മോഡറേറ്ററായിരുന്നു.
വേർതിരിവില്ലാതെ നടപ്പാക്കപ്പെടേണ്ട നിയമങ്ങൾ സമൂഹത്തിൽ വലിയവരെന്ന് കരുതപ്പെടുന്നവരുടെ മുന്നിൽ പേടിച്ചുനിൽക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രൻ സ്‌പേസസ് ഫെസ്റ്റിവലിൽ പങ്കെടുത്ത് പറഞ്ഞു. കേരളം പല മേഖലകളിൽ ഒട്ടേറെ നയങ്ങൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും അവയുടെ അനന്തരഫലങ്ങളെ കുറിച്ച് ബോധവാന്മാരല്ലെന്ന് മുൻ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ പറഞ്ഞു. ജോയ് ഇലാമോൻ, ആർ. അജിത്ത് കുമാർ എന്നിവരും സംസാരിച്ചു.