തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച്, കേരളത്തിന്റെ ഗവർണറായെത്തിയ പി.സദാശിവം നീതിമാന്റെ തലയെടുപ്പോടെ തന്നെ രാജ്ഭവന്റെ പടിയിറങ്ങുന്നു. കാലാവധി പൂർത്തിയാക്കിയ അദ്ദേഹം ബുധനാഴ്ച സ്ഥാനമൊഴിയും. പുതിയ ഗവർണർ എത്തിയ ശേഷമാകും തമിഴ്നാട്ടിൽ ഈറോഡിലെ വീട്ടിലേക്കുള്ള മടക്കം. ഭാര്യ സരസ്വതിക്കൊപ്പം പൊതുവേദികളിലെ സൗമ്യസാന്നിധ്യമായിരുന്ന സദാശിവം നീതിബോധം കൈവിടാതെ തെറ്റുകൾ ചൂണ്ടികാട്ടിയും നല്ല പ്രവൃത്തികളെ പ്രശംസിച്ചും സർക്കാരിന് അഞ്ചു വർഷം വഴികാട്ടി.
ആദ്യ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ, ഷീലാ ദീക്ഷിതിനു പകരം 2014 സെപ്തംബർ നാലിനാണ് പി. സദാശിവം സംസ്ഥാന ഗവർണർ പദവിയിൽ നിയോഗിക്കപ്പെട്ടത്. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിന് അപമാനമാണെന്ന് തുറന്നു പറഞ്ഞും കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് മാർഗരേഖ വേണമെന്ന് നിർദേശിച്ചും നിലപാടുകൾ വ്യക്തമാക്കിയ സദാശിവം മുന്നണികളുടെ വിമർശനപാത്രമായത് അപൂർവം വേളകളിൽ മാത്രം.
രാഷ്ട്രീയ കൊലപാതകങ്ങൾ തുടർച്ചയായപ്പോൾ ബി.ജെ.പി നേതാക്കൾ പരാതിയുമായി പല തവണ ഗവർണറെ കാണാൻ രാജ്ഭവനിലെത്തി. ഗവർണർ ബി.ജെ.പിക്കൊപ്പം ചേർന്ന് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്ന് പ്രചാരണങ്ങൾ ഉണ്ടായെങ്കിലും സദാശിവം നീതിമാനായി. ഒരുഘട്ടത്തിലും സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കാനോ ഭരണപ്രതിസന്ധി സൃഷ്ടിക്കാനോ സദാശിവം ശ്രമിച്ചില്ല. സുഗമമായ ഭരണത്തിന് എല്ലാ പിന്തുണയും നൽകി.
എന്നിട്ടും അടുത്തിടെ സർക്കാർ ഗവർണറെ വിമർശിക്കുന്ന സാഹചര്യവുമുണ്ടായി. കേരള സർവകലാശാലാ സെനറ്റിലേക്ക് വൈസ് ചാൻസലർ ശുപാർശ ചെയ്ത പട്ടികയിൽ നിന്ന് രണ്ട് അംഗങ്ങളെ ഒഴിവാക്കി, മറ്റു രണ്ടു പേരെ ഗവർണർ നിയമിച്ചതായിരുന്നു വിമർശനത്തിനു വിഷയം. സി.പി.എം സെക്രട്ടേറിയറ്റിന് ഗവർണർക്കെതിരെ പരസ്യ നിലപാടെടുത്തതിനു പിന്നാലെ നടന്ന സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സമർപ്പണ ചടങ്ങിൽ ഗവർണർ പങ്കെടുത്തുമില്ല. സംസ്ഥാനത്ത് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ഗവർണർ എന്ന വിശേഷണവും സദാശിവത്തിനു സ്വന്തം. രാജ്ഭവൻ ഉൾപ്പെടുന്ന വട്ടിയൂർക്കാവ് വാർഡിലായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സദാശിവത്തിന്റെ സമ്മതിദാനം.
1949 ഏപ്രിൽ 27ന് ഈറോഡിൽ ജനിച്ച പി. സദാശിവം 1973- ൽ അഭിഭാഷകനായി. 1996 ൽ മദ്രാസ് ഹൈക്കോടതി ജഡ്ജി. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ സേവനമനുഷ്ഠിച്ചു. 2007ൽ സുപ്രീം കോടതിയിലെത്തിയ അദ്ദേഹം പിന്നീട് ഇന്ത്യയുടെ നാൽപതാം ചീഫ് ജസ്റ്റിസ് ആയി.