whitehouse

ശിവഗിരി: നോർത്ത് അമേരിക്കയിൽ ശിവഗിരി മഠത്തിന്റെ ആശ്രമശാഖ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയിലുള്ള ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറിയും ആശ്രമത്തിന്റെ മുഖ്യസംഘാടകനുമായ സ്വാമി ഗുരുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം വൈറ്റ്ഹൗസ് പ്രതിനിധിയുമായി കൂടിക്കാഴ്‌ച നടത്തി. ഏഷ്യൻ, അമേരിക്കൻ, പെസഫിക് ദ്വീപ സമൂഹങ്ങളുടെ ചുമതലയും സെന്റർ ഫോർ ഫെയ്‌ത്ത് ആൻഡ് ഓപ്പർച്യൂണിറ്റി വകുപ്പും കൈകാര്യം ചെയ്യുന്ന എക്‌സിക്യൂട്ടിവ് ഡയറക്ടർ ഹോളിഹാമുമായാണ് ചർച്ച നടത്തിയത്. ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയെ പ്രതിനിധീകരിച്ച് അശോകൻ കൃഷ്ണൻ, ജയരാജ് ജയദേവൻ, സന്ദീപ് പണിക്കർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സന്ദർശനത്തിനു മുന്നോടിയായി ശ്രീനാരായണ ഗുരുദേവനെക്കുറിച്ചും ശിവഗിരിമഠത്തെക്കുറിച്ചുമുള്ള ആധികാരിക വിവരങ്ങൾ വൈറ്റ്ഹൗസ് അധികൃതർക്ക് കൈമാറിയിരുന്നു. ഇന്ത്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്‌ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുദേവന്റെ വിഖ്യാതമായ സന്ദേശത്തെ അവലംബിച്ച് നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ, ദലയ് ലാമയുടെ ശിവഗിരി സന്ദർശനം, ഫ്രാൻസിസ് മാർപാപ്പയെ സ്വാമി ഗുരുപ്രസാദിന്റെ നേതൃത്വത്തിലുള്ള ശിവഗിരി പ്രതിനിധി സംഘം സന്ദർശിച്ച് ഗുരുദേവകൃതികൾ സമ്മാനിച്ചതിന്റെ വിശദാംശങ്ങൾ തുടങ്ങിയവയും സന്ദർശനാനുമതി തേടിക്കൊണ്ടുള്ള അഭ്യർത്ഥനയ്‌ക്കൊപ്പം വൈറ്റ്ഹൗസ് അധികൃതർക്ക് സമർപ്പിച്ചിരുന്നു. ദൈവദശകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും ഒപ്പമുണ്ടായിരുന്നു. ഡാളസിൽ സ്ഥാപിക്കുന്ന ശിവഗിരി ആശ്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും പിന്തുണ ഉറപ്പാക്കുകയുമായിരുന്നു സന്ദർശന ലക്ഷ്യം. ആശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വാമി ഗുരുപ്രസാദ് വൈറ്റ്ഹൗസ് പ്രതിനിധിയോട് വിശദീകരിച്ചു. ഡാളസിലെ ഗ്രാന്റ് പ്രയറിയിലെ ആശ്രമശാഖയുടെ സമർപ്പണ ചടങ്ങിൽ പങ്കെടുക്കുന്നതിന് വൈറ്റ്ഹൗസ് പ്രതിനിധിയെയും ക്ഷണിച്ചു.

വർഷവും ഡിസംബർ 30, 31, ജനുവരി 1 തീയതികളിലെ ശിവഗിരി തീർത്ഥാടനത്തെക്കുറിച്ചും ഗുരുകല്പിതമായ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും ഹോളിഹാമിനെ വിശദമായി ധരിപ്പിച്ചു. വിദ്യാഭ്യാസ വിഷയങ്ങളിൽ ശിവഗിരി ആശ്രമം കാണിക്കുന്ന ഔൽസുക്യത്തിൽ ഹോളിഹാം പ്രത്യേക താത്പര്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ യു.എസ് സർക്കാരിന്റെ പ്രത്യേക ഫണ്ടനുവദിക്കാൻ കഴിയുമോ എന്ന കാര്യം ആലോചിക്കുമെന്ന് ഹോളിഹാം അറിയിച്ചു.

ശ്രീനാരായണ ഗുരുദേവന്റെ മഹനീയ ജീവിതത്തെയും ദർശനത്തെയും കുറിച്ച് അശോകൻ കൃഷ്ണൻ വിശദീകരിച്ചു. അദ്ദേഹത്തിന്റെ ശ്രീനാരായണഗുരു - എ പെർഫെക്ട് യൂണിയൻ ഒഫ് ബുദ്ധ ആൻഡ് ശങ്കര എന്ന ഗ്രന്ഥത്തിന്റെ പ്രതി സമ്മാനിച്ചു. പുസ്തകത്തിന്റെ കോപ്പികൾ യു.എസ് കോൺഗ്രസ് ലൈബ്രറിയിൽ സൂക്ഷിക്കുന്നതിനുള്ള മാർഗരേഖകളും ഹോളിഹാം വിശദീകരിച്ചു. ഗുരുദർശനത്തെ മുൻനിറുത്തി ശിവഗിരിമഠം നടത്തുന്ന പ്രവർത്തനങ്ങളിൽ മതിപ്പ് പ്രകടിപ്പിക്കുകയും സർക്കാർ പിന്തുണ വാഗ്‌ദാനവും ചെയ്തു. ഇന്ത്യ സന്ദർശിക്കുമ്പോൾ ശിവഗിരിയിലെത്താൻ പ്രത്യേക താത്പര്യമെടുക്കുമെന്നും അവർ പറഞ്ഞു.