ആറ്റിങ്ങൽ: ജോലിക്കിടെ യുവാവിന്റെ കൈ വിരലിൽ ഇരുമ്പ് മോതിരം തറഞ്ഞ് കേറി. ഊരാൻ കഴിയാതായതോടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മോതിരം അറുത്ത് മാറ്റി. നഗരൂർ സ്വദേശി മുഹമ്മദിന്റെ (22) കൈവിരലിലാണ് മോതിരം കുടുങ്ങിയത്. ഇന്നലെപുലർച്ചെയായിരുന്നു സംഭവം. ചിക്കൻ സ്റ്റാളുകളിലേക്ക് കോഴിയെ എത്തിക്കുന്ന ജോലിയാണ് മുഹമ്മദിന്. കോഴി ഉൾപ്പെടുന്ന കൂട് ഇറക്കുന്നതിനിടെ കൈയ്യിൽ നിന്ന് കൂട് തെന്നി മാറുകയും പിടിക്കാൻ ശ്രമിക്കവെ കൂട്ടിലെ കമ്പിയഴിക്കുള്ളിൽ മോതിരം കുരുങ്ങി. മാംസം മുറിഞ്ഞ് മോതിരം കൈവിരലിൽ തറച്ചു കയറുകയായിരുന്നു. മോതിരം ഊരിമാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ രാവിലെ ആറോടെ ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെത്തി. കട്ടിയുള്ള ഇരുമ്പ് മോതിരമായതിനാൽ രക്ഷാപ്രവർത്തകരും പ്രയാസപ്പെട്ടു. രണ്ട് മണിക്കൂർ ശ്രമത്തിനൊടുവിൽ എട്ട് മണിയോടെ മോതിരം അറുത്ത് മാറ്റി. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു.