നെടുമങ്ങാട് : സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ കറക്ഷണൽ സർവീസ് മെഡൽ നേടിയ രാജ്യത്തെ ആദ്യ വനിതാ ജയിൽ സൂപ്രണ്ട് നെടുമങ്ങാട് കല്ലിംഗൽ കുന്നിൽ വീട്ടിൽ എസ്. സോഫിയാബീവിക്ക് നെടുമങ്ങാട് നഗരസഭയുടെ ആദരവ്. പൂജപ്പുര വിമൺ ഓപ്പൺ പ്രിസൺ സൂപ്രണ്ടായ സോഫിയാബീവിയെ നഗരസഭ ചെയർമാന്റെ ചേമ്പറിലേയ്ക്ക് ക്ഷണിച്ചാണ് ആദരിച്ചത്. 23 വർഷത്തെ സേവനത്തിനിടയിൽ നിരവധി വനിത ജയിൽപ്പുള്ളികളെ നേർവഴി കാട്ടി ജീവിതത്തിലേക്ക് നയിച്ചതിനാണ് രാഷ്ട്രപതിയുടെ അവാർഡിന് സോഫിയാബീവി തിരഞ്ഞെടുക്കപ്പെട്ടത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മുഖ്യമന്ത്രിയിൽ നിന്ന് മെഡൽ ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സോഫിയാബീവിയെ പൊന്നാട അണിയിച്ചു. ഉപഹാരവും സമർപ്പിച്ചു. ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ചടങ്ങിൽ പങ്കെടുത്തു. വൈസ് ചെയർപേഴ്‌സൺ ലേഖ വിക്രമൻ, മുനിസിപ്പൽ സെക്രട്ടറി നാരായണൻ, സ്റ്റാോൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. ഹരികേശൻ നായർ, ടി.ആർ. സുരേഷ്‌കുമാർ, കോൺഗ്രസ് പാർലമെന്ററി ലീഡർ ടി. അർജുനൻ, കൗൺസിലർമാരായ വട്ടപ്പാറ ചന്ദ്രൻ, കെ.ജെ. ബിനു, കൃഷ്ണകുമാർ, സുമയ്യ മനോജ്, എസ്. സോഫിയ ബീവിയുടെ ഭർത്താവും അടിയന്തരാവസ്ഥ പോരാളിയുമായ കല്ലിംഗൽ ദിലീപ് (കേരളകൗമുദി ടൗൺ ഏജന്റ്) തുടങ്ങിയവർ പങ്കെടുത്തു.