തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് മോട്ടോർ വാഹന വകുപ്പ് ഉയർന്ന പിഴ ഈടാക്കിത്തുടങ്ങി. കേന്ദ്ര നിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി.
മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളാണ് ഇന്നലെ പരിശോധന നടത്തിയത്. പിഴ അടയ്‌ക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ കേസെടുക്കാനാണ് നിർദ്ദേശം. നിയമലംഘനത്തിന്റെ ചിത്രം പകർത്തും. നിയമപ്രകാരമുള്ള നോട്ടീസ് നൽകും. നിശ്ചിത ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ കോടതിക്ക് കൈമാറും. തുടർന്നുള്ള നടപടികൾ കോടതി വഴിയാകും.
പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും സീറ്റ്‌ബെൽറ്റും ഉടൻ കർശനമാക്കേണ്ടെന്ന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. തത്കാലം താക്കീത് നൽകും. അപകട നിരക്ക് കുറയ്‌ക്കുന്നതിനായി രൂപീകരിച്ച സുപ്രീംകോടതി സമിതിയുടെ നിർദ്ദേശപ്രകാരം നിയമം കർശനമാക്കുന്നതിനുള്ള നടപടികൾ രണ്ടാഴ്ച മുമ്പ് ആരംഭിച്ചിരുന്നു. ഇതിന്റെ പ്രചാരണം നടക്കുമ്പോഴാണ് പിഴ 100ൽ നിന്ന് 1000 ആക്കി ഉയർത്തിയുള്ള കേന്ദ്രനിയമഭേദഗതി വന്നത്.