തിരുവനന്തപുരം: ക്ഷേത്രങ്ങളിലെല്ലാം ഇന്ന് വിനായക ചതുർത്ഥി ആഘോഷിക്കും. രാവിലെ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പഴവങ്ങാടി ഗണപതിക്ഷേത്രത്തിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെ ഗണപതി ഉപദേവനായുള്ള മറ്റ് പ്രധാനക്ഷേത്രങ്ങളിലും വിനായക ചതുർത്ഥിക്ക് രാവിലെ തുടക്കം കുറിച്ചു. ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28ന് ഗണേശോത്സവ പൂജകൾ തുടങ്ങിയിരുന്നു. ജില്ലയിലെ 1008 പ്രതിഷ്ഠാകേന്ദ്രങ്ങളിലും 2 ലക്ഷം വീടുകളിലുമാണ് ഗണേശപൂജ നടക്കുന്നത്. ത്രിമുഖഗണപതി, ശക്തിഗണപതി, തരുണഗണപതി, വീരഗണപതി, ദൃഷ്ടിഗണപതി, ബാലഗണപതി, ഹേരംബഗണപതി, പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും വക്രതുണ്ടൻ, ഗജമുഖൻ, ഏകദന്തൻ, വികടൻ, മഹോദരൻ, ലംബോദരൻ തുടങ്ങി എട്ട് അവതാരരൂപത്തിലുമുള്ള ഗണേശവിഗ്രഹങ്ങളാണ് പൂജിക്കുന്നത്. പൂജകൾ 5ന് സമാപിക്കും. വൈകിട്ട് 5ന് പഴവങ്ങാടിയിൽനിന്നു വിഗ്രഹഘോഷയാത്രയും ശംഖുംമുഖം കടലിൽ വിഗ്രഹനിമജ്ജനവും നടക്കും.

 സൂര്യയിൽ 2000 ഗണേശവിഗ്രഹ പ്രദർശനം

സൂര്യ കൃഷ്ണമൂർത്തിയുടെ വസതിയായ തൈക്കാട് സൂര്യചൈതന്യയിൽ ഇന്ന് 2000 അപൂർവതരം ഗണേശവിഗ്രഹങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കും. രാവിലെ 5ന് ഗണപതിഹോമത്തോടെ പ്രദർശനം ആരംഭിക്കും. 6 മുതൽ 12 വരെ ഭജന. വൈകിട്ട് 6.45ന് വന്ദേവിനായകം ഡാൻസ് ഡ്രാമ, കലിംഗനർത്തനം എന്നിവയുണ്ടായിരിക്കും.