തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുകയാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് സംഘടന ഭാരവാഹികളുമായി കൂടികാഴ്ച നടത്തും. വ്യാഴാഴ്ച വിവിധ സമയങ്ങളിലായാണ് ഐ.പി.എസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളെ മുഖ്യമന്ത്രി കാണുന്നത്. പൊലീസുകാരുടെ ജോലിഭാരം, മാനസിക സംഘർഷം, ജോലി സമയത്തിലെ പുനക്രമീകരണം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.
സംസ്ഥാനത്ത് ശരാശരി 16 പൊലീസുകാർ ഒരോ വർഷവും ആത്മഹത്യ ചെയ്യുന്നതായാണ് സംസ്ഥാന ക്രൈം റെക്കോഡസ് ബ്യൂറോയുടെ കണക്ക്. ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് ഈ വർഷം ഇതുവരെ പത്തു പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സമ്മർദ്ദം അനാവശ്യ സ്ഥലംമാറ്റം, 24 മണിക്കൂറും തുടരുന്ന ഡ്യൂട്ടി ഇവയാണ് പലപ്പോഴും പൊലീസുകാരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതെന്നാണ് സംഘടനങ്ങളുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച.