തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ നിയമ നടപടിയിൽ തീരുമാനം എടുത്തിട്ടില്ലെന്നും ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഇതുവരെ കണ്ടിട്ടില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ഉത്തരവ് പരിശോധിച്ചു ശേഷം തീരുമാനമെടുക്കും. വിമർശനങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലന്നന്നും ബെഹ്റ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതു നിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷന് പോസ്റ്റൽ വോട്ടുകൾ തട്ടിയെടുക്കാൻ ഡി.ജി.പി സഹായം നൽകുന്നുവെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. ഈ പ്രസ്താവനക്കെതിരെ മാനനഷ്ട കേസ് നൽകാൻ അനുമതി ആവശ്യപ്പെട്ട് ബെഹ്റ നൽകിയ കത്തിലാണ് സർക്കാർ രണ്ട് ദിവസം മുമ്പ് അനുമതി നൽകിയത്.