ജമൈക്ക ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക്
ഹാട്രിക് ഉൾപ്പടെ 6 വിക്കറ്റുകൾ
വിൻഡീസ് 117ന് പുറത്ത്,
ഫോളോ ഒാണിനിറക്കിയില്ല
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 53/3
ഇന്ത്യ 352 റൺസ് മുന്നിൽ
ജമൈക്ക : ആന്റിഗ്വയിലെ പിച്ചിൽ ഏഴ് റൺസ് നൽകി അഞ്ച് വിൻഡീസ് ബാറ്റ്സ്മാൻമാരെ കശക്കിയെറിഞ്ഞ ജസ്പ്രീത് ബുംറ ജമൈക്കയിൽ ഹാട്രിക് അടക്കം ആറുവിക്കറ്റുകളുമായി തകർത്താടിയപ്പോൾ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും വിൻഡീസ് തവിടുപൊടിയാകുന്ന ലക്ഷണമാണ്. എന്നാൽ 299 റൺസ് ലീഡ് ഒന്നാം ഇന്നിംഗ്സിൽ നേടിയിട്ടും വിൻഡീസിനെ ഫോളോ ഒാണിനിറക്കേണ്ടെന്ന് തീരുമാനിച്ച ഇന്ത്യ കളിയുടെ ആയുസ് നീട്ടിയിട്ടുണ്ട്.
രണ്ടാംദിവസം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 416 ൽ അവസാനിപ്പിച്ചശേഷം ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ബുംറയുടെ പ്രഹരത്തിൽ വെറും 37 ഒാവറിൽ 87/7 എന്ന നിലയിലേക്ക് നിലംപതിച്ചിരുന്നു. ഹാട്രിക് അടക്കം ആറ് വിക്കറ്റുകളാണ് ബുംറ രണ്ടാംദിനം നേടിയത്. ഷമി ഒരു വിക്കറ്റ് സ്വന്തമാക്കി. മൂന്നാം ദിനംമായ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസ് ഒന്നാം ഇന്നിംഗ്സിൽ 117ന് ആൾഒൗട്ടായി. ഷമിയും ഇശാന്തും ജഡേജയാണ് ഇന്നലെ യഥാക്രമം റഖീം കോൺവാൾ(14 ), ഹാമിൽട്ടൺ (5), റോച്ച് (17) എന്നിവരെ പുറത്താക്കിയത്. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 53 റൺസിലെത്തിയിട്ടുണ്ട്.
ഹനുമ വിഹാരിയുടെ കന്നി ടെസ്റ്റ് സെഞ്ച്വറി (111) യായിരുന്നു രണ്ടാം ദിനത്തിലെ ഇന്ത്യൻ ബാറ്റിംഗിന്റെ ഹൈലൈറ്റ്. ആദ്യദിനം 42 റൺസുമായി നിന്ന വിഹാരി രണ്ടാം ദിനം ലഞ്ചിന് ശേഷമാണ് സെഞ്ച്വറിയിലെത്തിയത്. വാലറ്റക്കാരൻ ഇശാന്ത് ശർമ്മ (57) തന്റെ 92 ടെസ്റ്റുകൾ നീണ്ട കരിയറിലെ ആദ്യ അർദ്ധ സെഞ്ച്വറിയുമായി നൽകി പിന്തുണയാണ് വിഹാരിയെ സെഞ്ച്വറിയിലെത്താൻ തുണച്ചത്. ഇശാന്തിനൊപ്പം എട്ടാം വിക്കറ്റിൽ 112 റൺസാണ് വിഹാരി കൂട്ടിച്ചേർത്തത്. 26 കാരനായ വിഹാരിയുടെ ആറാമത്തെ ടെസ്റ്റ് മത്സരമാണിത്.
മറുപടിക്കിറങ്ങിയ വിൻഡീസിന്റെ ജോൺ കാംപ്ബെലിനെ (2) ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചാണ് ബുംറ പ്രഹരം തുടങ്ങിയത്. ഏഴാം ഒാവറിലായിരുന്നു ഇത്. ഒൻപതാം ഒാവറിന്റെ രണ്ടാംപന്തിൽ ഡാരൻ ബ്രാവോ (4), മൂന്നാംപന്തിൽ ഷർമാ ബ്രൂക്സ് (0), നാലാംപന്തിൽ റോസ്റ്റൺ ചേസ് (0) എന്നിവരെ പുറത്താക്കിയാണ് ബുംറ ഹാട്രിക് തികച്ചത്. ബ്രാവോയെ കെ.എൽ. രാഹുൽ ക്യാച്ചെടുത്തപ്പോൾ ബ്രൂക്സും ചേസും എൽ.ബിയിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് (13) , ഹോൾഡർ (18) എന്നിവരെയും ബുംറ പുറത്താക്കി. അല്പനേരം പിടിച്ചുനിന്ന ഹെട്മേയറുടെ വിക്കറ്റാണ് ഷമിക്ക് ലഭിച്ചത്.
ബുംറ ഹാട്രിക്
3
ടെസ്റ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാണ് ബുംറ.
1
കാംപ്ബെൽ സി പന്ത് ബി ബുംറ 2
8.2 ഒാവർ
2
ബ്രൂക്സ് എൽ.ബി ബി ബുംറ 0
8.3 ഒാവർ
3
ചേസ് എൽ.ബി ബി ബുംറ 0
8.4 ഒാവർ
ചേസിനെതിരായ എൽ.ബി. അപ്പപ്പീൽ ആദ്യം അമ്പയർ നിരസിച്ചെങ്കിലും ഡി.ആർ.എസ് നൽകാനുള്ള വിരാട് കൊഹ്ലിയുടെ തീരുമാനമാണ് ബുംറയ്ക്ക് ഹാട്രിക് നൽകിയത്. മറ്റുള്ളവർ സംശയം പ്രകടിപ്പിച്ചപ്പോഴും കൊഹ്ലി ധൈര്യമായി റിവ്യൂ നൽകുകയായിരുന്നു.
'എന്റെ ഹാട്രിക് ക്യാപ്ടൻ വിരാടിന് അവകാശപ്പെട്ടതാണ്. ചേസിന്റെ എൽ.ബി എനിക്ക് പോലും ഉറപ്പാക്കാനായിരുന്നില്ല. എന്നിട്ടും റിവ്യു നൽകാൻ ധൈര്യം കാട്ടിയ വിരാടിന് ഇൗ ഹാട്രിക് സമർപ്പിക്കുന്നു."
ജസ്പ്രീത് ബുംറ
'ബുംറയ്ക്ക് ഉറപ്പുണ്ടായിരുന്നില്ലെങ്കിലും സ്റ്റമ്പിനുപിറകിൽ നിന്ന അജിങ്ക്യ രഹാനെയോടുകൂടി ആലോചിച്ചശേഷമാണ് റിവ്യു നൽകിയത്"
വിരാട് കൊഹ്ലി
ഇന്ത്യയുടെ ഹാട്രിക് വീരൻമാർ
ഹർഭജൻസിംഗ്
Vs ആസ്ട്രേലിയ
2001
ഇൗഡൻ ഗാർഡൻസിൽ നടന്ന ടെസ്റ്റിൽ റിക്കി പോണ്ടിംഗ്, ആദം ഗിൽക്രിസ്റ്റ്, ഷേൻവാൺ എന്നിവരെയാണ് ഹർഭജൻ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയത്. വാണിനെ പുറത്താക്കാൻ ഷോർട്ട് ഫൈൻ ലെഗിൽ സഡഗോപൻ രമേഷ് എടുത്ത ക്യാച്ച് അത്യുജ്വലമായിരുന്നു.
2. ഇർഫാൻ പഠാൻ
Vs പാകിസ്ഥാൻ
2006
പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യമൂന്ന് പന്തുകളിൽ സൽമാൻ ബട്ട്, യൂനിസ് ഖാൻ, മുഹമ്മദ് യൂസഫ് എന്നിവരെയാണ് ഇർഫാൻ പഠാൻ പുറത്താക്കിയത്. ബട്ട് ദ്രാവിഡിന് ക്യാച്ച് നൽകിയപ്പോൾ യൂനിസ് എൽ.ബി.ഡബ്ള്യുവായി. യൂസഫ് ക്ളീൻ ബൗൾഡാകുകയായിരുന്നു.
എന്റെ 12-ാം വയസിലാണ് പിതാവിനെ നഷ്ടമായത്. ടെസ്റ്റിൽ ആദ്യമായി സെഞ്ച്വറി നേടുമ്പോൾ അത് അച്ഛന് സമർപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സഫലമായി. ഇൗ സെഞ്ച്വറി നേടാൻ എന്നെ സഹായിച്ചത് ഇശാന്തിന്റെ പിന്തുണയാണ്.
ഹനുമ വിഹാരി