തിരുവനന്തപുരം : നഗരമധ്യത്തിൽ മന്ത്രി മന്ദിരങ്ങൾക്ക് വിളിപ്പാടകലെ കഴിയുന്ന സാധാരണക്കാർ കുടിവെള്ളത്തിനായി സമരത്തിനൊരുങ്ങുന്നു. വാട്ടർ അതോറിട്ടി കവടിയാർ സെക്ഷനു കീഴിലുള്ള ദേവസ്വം ബോർഡ്, ക്ലിഫ് ഹൗസ് നോർത്ത്, കുറവൻകോണം എന്നിവിടങ്ങളിലെ താമക്കാരാണ് പ്രതിഷേധത്തിനൊരുങ്ങുന്നത്. പരാതി നൽകിയിട്ടും ഫലം കാണാതായതിനാൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസ് ഉപരോധം ഉൾപ്പെടയുള്ള സമരപരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം.
സമീപത്തെ വൻകിട ഫ്ലാറ്റുകൾക്കു വേണ്ടി വാൽവ് അടയ്ക്കുന്നതാണ് പ്രദേശത്തെ ജലക്ഷാമത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിക്കും കളക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വാർട്ടർ അതോറിട്ടിയുടെ ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെടുമ്പോൾ പരസ്‌പര വിരുദ്ധമായ മറുപടികളാണ് ലഭിക്കുന്നത്. പേരൂക്കട ടാങ്കിലെ ജലനിരപ്പ് താഴ്ന്നെന്നും അരുവിക്കരയിലെ വൈദ്യുതിബന്ധം തടസപ്പെട്ടെന്നുമുള്ള മുടന്തൻ ന്യായം കേട്ടുമടുത്തതോടെയാണ് ജനങ്ങൾ സംഘടിച്ചത്. ഒരു വർഷത്തിലേറെയായി ജലവിതരണം പ്രത്യേക സമയങ്ങളിൽ പതിവായി തടസപ്പെടാറുണ്ട്. എന്നാൽ ആറുമാസത്തിനിടെ ഇത് ഒരുദിവസത്തിലേറെ നീണ്ടു പോകുന്നെന്നും നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങൾ സംഘടിച്ച് ഓഫീസിലെത്തിയാൽ ഒരാഴ്ച വെള്ളം ലഭിക്കാറുണ്ടെന്നും അതുകഴിഞ്ഞാൽ വീണ്ടും പഴയപടിയാണെന്നും പ്രദേശവാസികൾ പറഞ്ഞു. നിരന്തരം പരാതി നൽകിയതിന് പിന്നാലെ അടുത്തിടെ വാട്ടർ അതോറിട്ടി രണ്ട് പ്ലബർമാരെ പരിശോധനയ്ക്ക് അയച്ചെന്നും പ്രശ്നത്തെ ഗൗരവമായി കാണാതെ പരിഹസിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു.