ശ്രീകാര്യം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം പട്ടമാംമൂട് വീട്ടിൽ സുൽഫിക്കറി (49) നെയാണ് അറസ്റ്റ് ചെയ്തത്. ബൈക്കിന് കൈകാണിച്ച് കയറിയ വിദ്യാർത്ഥിയെ ഇയാൾ ബൈക്കിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുകയും വഴിയിൽ ഇറങ്ങണമെന്ന് വിദ്യാർത്ഥി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇറക്കാതെ അമിത വേഗതയിൽ ബൈക്ക് ഓടിച്ച് പോകുകയുമായിരുന്നു. വിദ്യാർത്ഥിയുടെ നിലവിളികേട്ട് മറ്റൊരു ബൈക്കിൽ പിന്തുടർന്നെത്തിയവർ സുൽഫിക്കറിന്റെ ബൈക്ക് നിറുത്തിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് സ്കൂൾ ബസിന് പിന്നിലിടിച്ച് വിദ്യാർത്ഥിയും സുൽഫിക്കറും നിലത്തുവീണു. തുടർന്ന് നാട്ടുകാർ സുൽഫിക്കറെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ബാലപീഡനത്തിന് കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.