കല്ലമ്പലം: ജില്ലാപഞ്ചായത്ത് മണമ്പൂർ ഡിവിഷനിൽ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്ലമ്പലം ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ സംഘർഷം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊട്ടിക്കലാശം അതിരുവിട്ടതോടെ പൊലീസ് ലാത്തിവീശി. സി.പി.എം പ്രവർത്തകരും പൊലീസും തമ്മിലുള്ള വാക്കുതർക്കമാണ് ലാത്തിവീശലിൽ കലാശിച്ചത്. ലാത്തിവീശിയതിനെ തുടർന്ന് മുതിർന്ന സി.പി.എം നേതാവ് കെ.എം. ലാജിക്കും ഉന്തിലും തള്ളിലും നഗരൂർ എസ്.ഐ സഹീൽ, കല്ലമ്പലം സി.ഐ അനൂപ് ആർ. ചന്ദ്രൻ എന്നിവർക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കല്ലമ്പലം ജംഗ്‌ഷൻ കേന്ദ്രീകരിച്ച് ദേശീയപാതയിലായിരുന്നു കൊട്ടിക്കലാശം നടന്നത്. എന്നാൽ പ്രവർത്തകരിൽ ചിലർ നീളമുള്ള കൊടിക്കമ്പുകൾ കൊണ്ട് പൊലീസിന്റെ തൊപ്പി തട്ടിത്തെറിപ്പിച്ചതാണ് സംഘർഷങ്ങളുടെ തുടക്കം. ആദ്യം തട്ടിത്തെറിപ്പിച്ച തൊപ്പി തിരികെവച്ച ഉദ്യോഗസ്ഥന്റെ തലയിൽ നിന്നും വീണ്ടും തൊപ്പി തട്ടി തെറിപ്പിച്ചതിനെ തുടർന്ന് പൊലീസ് ഒരാളെ പിടികൂടാൻ ശ്രമിച്ചത് പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിച്ചു. ഇതിനെ തുടർന്ന് നടന്ന ഉന്തും തള്ളുമാണ് ലാത്തിവീശലിൽ കലാശിച്ചത്. പരാജയഭീതി കാരണമാണ് സി.പി.എം ആക്രമണം നടത്തുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഇ. റിഹാസ് പറഞ്ഞു. മണമ്പൂർ ഡിവിഷനിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്. ഷാജഹാനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ഇ. റിഹാസിനെയാണ് ഇത്തവണയും യു.ഡി.എഫ് മത്സര രംഗത്തിറക്കിയിട്ടുള്ളത്. ബി.ജെ.പി ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ തോട്ടയ്‌ക്കാട് ശശിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.