epl-liverpool
epl liverpool

ലിവർപൂൾ 3- ബേൺലി 0

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഇൗ സീസണിലെ നാലാം മത്സരത്തിലും മിന്നുന്ന വിജയം നേടി ലിവർപൂൾ ഒന്നാംസ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബേൺലിയെയാണ് ലിവർപൂൾ കീഴടക്കിയത്.

ബേൺലിയുടെ തട്ടകമായ ടർഫ് മൂറിൽ നടന്ന മത്സരത്തിൽ 33-ാം മിനിട്ടിൽ സെൽഫ് ഗോൾ വഴങ്ങിയ ക്രിസ്‌വുഡ് ലിവർപൂളിന് ലീഡ് സമ്മാനിച്ചു. അലക്‌‌സാണ്ടർ അർനോൾഡിന്റെ ഉയർന്നുവന്ന ക്രോസിന് വുഡിന്റെ തലയിൽ തട്ടി വലയിൽ കയറുകയായിരുന്നു. 37-ാം മിനിട്ടിൽ സാഡിയോ മാനേയും 80-ാം മിനിട്ടിൽ റോബർട്ടോ ഫിർമിനോയുമാണ് ലിവർപൂളിനായി മറ്റ് ഗോളുകൾ നേടിയത്. ഫിർമിനോയുടെ പാസിൽ നിന്നായിരുന്നു മാനേയുടെ ഗോൾ. സലാ നൽകിയ പാസാണ് ഫിർമിനോ ഗോളാക്കിമാറ്റിയത്.

ഇൗ വിജയത്തോടെ ലിവർപൂളിന് നാല് മത്സരങ്ങളിൽനിന്ന് 12 പോയിന്റായി. 10 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

13

ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ലിവർപൂളിന്റെ തുടർച്ചയായ 13-ാം വിജയമാണിത്. വിജയത്തുടർച്ചയിൽ ക്ളബന്റെ റെക്കാഡാണിത്.

50

ബ്രസീലിയൻ താരമായി റോബർട്ടോ ഫിർമിനോ പ്രിമിയർലീഗിൽ ലിവർപൂളിനായി 50 ഗോളുകൾ തികച്ചു.

പോയിന്റ് ടേബിൾ

ലിവർപൂൾ 4-12

മാഞ്ചസ്റ്റർ സിറ്റി 4-10

ലെസ്റ്റർ സിറ്റി 4-8

ക്രിസ്റ്റൽ പാലസ് 4-7

വെസ്റ്റ് ഹാം 4-7

ബാഴ്സയെ തളച്ച്

ഒസാ സുന

മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് സീസണിലെ മൂന്നാം മത്സരത്തിൽ സമനില. ദുർബലരായ ഒസാസുനയാണ് 2-2ന് ബാഴ്സയെ തളച്ചത്. സീസണിലെ ആദ്യമത്സരത്തിൽ അത്‌ലറ്റിക് ക്ളബിനോട് 1-0 ത്തിന് തോറ്റിരുന്നു. തുടർന്ന് റയൽ ബെറ്റിസിനെ 5-2ന് കീഴടക്കി.

ഏഴാം മിനിട്ടിലും 81-ാം മിനിട്ടിലും റോബർട്ടോ ടോറസ് നേടിയ ഗോളുകൾക്കാണ് ഒസാസുന ബാഴ്സയെ തളച്ചത്. 51-ാം മിനിട്ടിൽ അൻസുമാനേ ഫതിയും 64-ാം മിനിട്ടിൽ ആർതറും ബാഴ്സയ്ക്കായി സ്കോർ ചെയ്തെങ്കിലും 81-ാം മിനിട്ടിൽ പൊനാൽറ്റി വലയിലെത്തിച്ച് ടോറസ് സമനില പിടിക്കുകയായിരുന്നു. മെസിയെയും സുവാരേസിനെയും കൂടാതെയാണ് ബാഴ്സ ഇറങ്ങിയത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് മാത്രമായ ബാഴ്സലോണ ലീഗിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

16

കാരനായ ഫതി ബാഴ്സലോണയ്ക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി.

യുവന്റസിന് ജയം

ടൂറിൻ : ഇറ്റാലിയൻ സെരി എയിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ യുവന്റസ് 4-3ന് നാപ്പോളിയെ കീഴടക്കി. യുവന്റസിനായി ഡാനിലോ (16), ഹിഗ്വെയ്‌ൻ (19), ക്രിസ്റ്റ്യാനോ റൊണാൾഡോ (62), എന്നിവർ സ്കോർ ചെയ്തു. മനോലാസ് (66), ലൊസാനോ (68), ലോറെൻസോ (81) എന്നിവരാണ് നാപ്പോളിയുടെ സ്കോറർമാർ. ഇൻജുറി ടൈമിൽ നാപ്പോളിതാരം കൗലിബാലിയുടെ സെൽഫ് ഗോളാണ് യുവന്റസിന് ജയം നൽകിയത്. രണ്ട് കളികളിൽ നിന്ന് ആറ് പോയിന്റായ യുവന്റസ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.