ganapathy

തിരുവനന്തപുരം: വിനായക ചതുർത്ഥി ദിനമായ ഇന്ന് ക്ഷേത്രങ്ങളിൽ വിശേഷാൽ ഗണപതിഹോമം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പൂജകൾ, വഴിപാടുകൾ എന്നിവ നടക്കും. ഭാദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുർത്ഥി ദിനമാണ് വിനായക ചതുർത്ഥിയായി ആചരിക്കുന്നത്. പൗരാണിക കാലം മുതൽ അഗ്‌നിസ്വരൂപനായ ഗണപതിയെ ആരാധിക്കുന്നവരെല്ലാം വിനായകചതുർത്ഥി ആഘോഷിക്കാറുണ്ട്. ചതുർത്ഥി ദിവസം ഗണപതി ഹോമം നടത്തുന്നത് സർവ സങ്കടങ്ങളെയും നശിപ്പിക്കുമെന്നും ഐശ്വര്യപ്രദമാണ് എന്നുമാണ് വിശ്വാസം. അഷ്ടദ്രവ്യങ്ങൾ ഹോമിച്ച് ഗണപതിയെ പ്രസാദിപ്പിച്ചാൽ അതിന്റെ ഗുണാനുഭവങ്ങൾ ഒരുവർഷക്കാലം നിലനിൽക്കും എന്നും വിശ്വാസമുണ്ട്. കൊട്ടത്തേങ്ങ/ഉണങ്ങിയ നാളികേരം, പഴം, കരിമ്പ്, തേൻ, ശർക്കര, അപ്പം, അട, മലർ എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ.