തിരുവനന്തപുരം: പേമാരിയും ഉരുൾപൊട്ടലുമുണ്ടായ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിന് സൗജന്യ അരി അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി. തിലോത്തമനും ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്റണിയും നാളെ കേന്ദ്ര ഭക്ഷ്യമന്ത്രി രാംവില്വാസ് പാസ്വാനെ കാണും.
നേരത്തെ ഇതു സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ ആവശ്യവും ഭക്ഷ്യഭദ്രത നിയമപ്രകാരം (എൻ.എഫ്.എസ്.എ) മൂന്നുരൂപയ്ക്കെങ്കിലും അരി നൽകണമെന്ന ആവശ്യവും കേന്ദ്രം തള്ളിയതിനെ തുടർന്നാണ് നേരിട്ട് കാര്യം ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് സൗജന്യ അരി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ ദുരിതബാധിത മേഖലയിൽ സൗജന്യ റേഷൻ പ്രഖ്യാപിച്ചത്. ആഗസ്റ്റ് മുതൽ മൂന്നുമാസത്തേക്ക് 15 കിലോവീതം അരി സൗജന്യമായി നൽകാനായിരുന്നു തീരുമാനം. എന്നാൽ വിതരണം ഇനിയും തുടങ്ങാനായിട്ടില്ല. സംസ്ഥാനത്തെ 1308 ദുരിതബാധിത വില്ലേജുകളിലായി 46.88 ലക്ഷം കുടുംബങ്ങളാണ് സൗജന്യറേഷൻ കാത്തിരിക്കുന്നത്. 2017 ൽ കേന്ദ്രം പുറത്തിറക്കിയ മാനദണ്ഡത്തിൽ പ്രകൃതിദുരന്തമുണ്ടായ പ്രദേശങ്ങളിലുള്ളവർക്ക് എം.എസ്.പി നിരക്കിൽ (കിലോയ്ക്ക് 26 രൂപ) അരി നൽകാനേ വ്യവസ്ഥയുള്ളൂ. ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കേരളത്തിന്റെ ആവശ്യം തള്ളിയത്.