u-s-open-tennis
u s open tennis

ന്യൂയോർക്ക് : യു.എസ് ഒാപ്പൺ ടെന്നിസ് പുരുഷസിംഗിൾസിൽ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലും വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം നവോമി ഒസാക്കയും പ്രീക്വാർട്ടറിലെത്തി. അതേസമയം മുൻ ലോക ഒന്നാം നമ്പർ വനിതാ താരം കരോളിൻ വൊസ്‌‌നിയാക്കി മൂന്നാംറൗണ്ടിൽ പുറത്തായി.

മൂന്നാം റൗണ്ടിൽ കൊറിയൻ താരം ഹ്യുയോൻ ചുംഗിനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് നദാൽ കീഴടക്കിയത്. ഒരുമണിക്കൂർ 59 മിനിട്ട് നീണ്ട പോരാട്ടത്തിൽ 6-3, 6-4, 6-2 എന്ന സ്കോറിനാണ് നദാൽ വിജയം നേടിയത്. പ്രീക്വാർട്ടറിൽ 2014 ലെ ചാമ്പ്യൻ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചാണ് നദാലിന്റെ എതിരാളി. മൂന്നാം റൗണ്ടിൽ ആസ്ട്രേലിയയുടെ ജോൺ ഇസ്‌നറെ 7-5, 3-6, 7-6, 6-4 നാണ് സിലിച്ച് കീഴടക്കിയത്.

നിലവിലെ വനിതാ ചാമ്പ്യനായ ജാപ്പനീസ് താരമായ നവോമി ഒസാക്ക മൂന്നാംറൗണ്ടിൽ അമേരിക്കൻ കൗമാരതാരം കോക്കോ ഗഫിനെയാണ് വീഴ്ത്തിയത്. 6-3, 6-0 എന്ന സ്കോറിനായിരുന്നു 15 കാരിയായ കോക്കോയ്ക്കെതിരായ നവോമിയുടെ ജയം. മത്സരശേഷം സുഹൃത്തുക്കളായ ഇരുവരും വിങ്ങിപ്പൊട്ടിയത് കാണികളെയും കണ്ണീരണിയിച്ചു. പ്രീക്വാർട്ടറിൽ 13-ാം സീഡ് സ്വിസ് താരം ബെലിൻഡ ബെൻസിച്ചാണ് നവോമിയുടെ എതിരാളി. മൂന്നാം റൗണ്ടിൽ കോണ്ടാ വെയ്റ്റിനെതിരെ വാക്കോവർ നേടിയാണ് ബെൻസിച്ച് പ്രീക്വാർട്ടറിലെത്തിയത്.

6-4, 6-4 എന്ന സ്കോറിന് കനേഡിയൻ താരം ബിയാങ്ക ആൻഡ്രെസ്ക്യൂവാണ്കരോളിൻ വൊസ്നിയാക്കിയുടെ കഥ കഴിച്ചത്. പുരുഷ സിംഗിൾസിൽ 28-ാം സീഡ്നിക്ക് കിർഗിയാക്കോസിനെ 7-6, 7-6, 6-3ന് സീഡ് ചെയ്യപ്പെടാത്ത റുബ്ളേവ് കീഴടക്കി. ഗെയ്‌ൽ മോൺഫിൽഡ് 6-7, 7-6, 6-4, 6-7, 6-3 ന് ഷാപ്പോലോവിനെ തോൽപ്പിച്ച് പ്രീക്വാർട്ടറിൽ ഇടം പിടിച്ചു.

മിക്സഡ് ഡബിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-അമേരിക്കയുടെ അബിഗെയ്ൽ സ്പിയേഴ്സ് സഖ്യം 6-3, 6-2ന് റൊസോൾക്ക-മെക്‌റ്റിച്ച് സഖ്യത്തെ കീഴടക്കി.