ബെർലിൻ : ജർമ്മനിയിൽ നടന്ന അത്ലറ്റിക് മീറ്റിൽ 1500 മീറ്ററിൽ വെള്ളി നേടിയ മലയാളിതാരം ജിൻസൺ ജോൺസൺ സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡ് തിരുത്തിയെഴുതുകയും ഇൗമാസം ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുകയും ചെയ്തു.
3 മിനിട്ട് 35.24 സെക്കൻഡിലാണ് ജിൻസൺ ബർലിനിൽ ഫിനിഷ് ചെയ്തത്. 2018 കോമൺവെൽത്ത് ഗെയിംസിൽ കുറിച്ച 3 മിനിട്ട് 37.86 സെക്കൻഡായിരുന്നു നേരത്തേ ജിൻസണിന്റെ പേരിലുണ്ടായിരുന്ന റെക്കാഡ്. ഇൗവർഷം ജൂണിൽ ഹോളണ്ടിൽനടന്ന നെക്സ്റ്റ് ജനറേഷൻ മീറ്റിൽ 3 മിനിട്ട് 37.62 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇൗ റെക്കാഡ് മെച്ചപ്പെടുത്തിയിരുന്നു. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ജിൻസൺ 1500 മീറ്ററിൽസ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയിരുന്നു.