1

നേമം: അധികം ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ ഇല്ലാത്തതിനാൽ വലിയ തിരക്കില്ലാത്ത സ്റ്റേഷനാണ് നേമത്തേത്. എങ്കിലും രാവിലെ മുതൽ രാത്രിവരെ ഭേദപ്പെട്ട തരത്തിൽ യാത്രക്കാർ ഇവിടെ എത്താറുണ്ട്. എന്നാൽ, സ്റ്റേഷൻ തെരുവുനായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. ഇവയുടെ വിശ്രമ കേന്ദ്രമാണ് യാത്രക്കാർക്കായ് തയാറാക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ. സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുന്നിലും ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലെ ഇരിപ്പിടങ്ങളാണ് തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി മാറിയിരിക്കുന്നത്. മിക്ക ഇരിപ്പിടങ്ങളും അഴുക്കും പൊടിയും നായ്ക്കളുടെരോമവും കാഷ്ടവുംകൊണ്ട് ദുർഗന്ധ പൂരിതമാണ്. പലപ്പോഴും ട്രെയിനുകൾ വൈകിയാൽ യാത്രക്കാർ പെട്ടതുതന്നെ. മണിക്കൂറുകളോളം വൈകുന്ന ട്രെയിനുകളും കാത്ത് യാത്രക്കാർ പ്ലാറ്റ്ഫോമുകളിൽ നിൽക്കേണ്ട അവസ്ഥയാണ്.

രാത്രികാലങ്ങളിൽ നായ്ക്കളുടെ ശല്ല്യം കാരണം കുട്ടികളുൾപ്പെടയുളള യാത്രക്കാർ ഭയത്തേടെയാണ് സ്റ്റേഷനിൽ എത്തുന്നത്.

സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരും മറ്രും കഴിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ പൊതുസ്ഥലത്തേക്ക് വലിച്ചെറിയുന്നത് ഇവിടെ പതിവാണ്. ഇവ കഴിക്കാൻ കാത്തുനിൽക്കുന്ന തെരുവ് നായ്ക്കളാണ് ഇവിടുത്തെ പ്രധാന വില്ലന്മാർ. ആഴ്ചകൾക്ക് മുൻപ് രാത്രികാലങ്ങളിൽ നേമം റെയിൽവേസ്റ്റേഷൻ റോഡിൽ 5ഓളം പേർക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൂട്ടമായി നിൽക്കുന്ന നായ്ക്കൾ അപരിചിതരായ ട്രെയിൻ യാത്രക്കാരെ ആക്രമിക്കുന്നത് ഇവിടുത്തെ നിത്യ സംഭവമാണ്. രാത്രിയായാൽ ഇവയുടെ ആക്രമണം വ‌ർദ്ധിക്കും.

കാടുപിടിച്ചുകിടക്കുന്ന സ്റ്റേഷൻ പിരിസരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കാൻ എത്തുന്നവരും കുറവല്ല. അറവു മാലിന്യവും മറ്റും ഇതിൽ ഉള്ളതിനാൽ ദിനവും തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മാലിന്യത്തിൽ കൂട്ടംകൂടുന്ന തെുവ്നായ്ക്കൾ വിശ്രമിക്കാൻ എത്തുന്നതാകട്ടെ സ്റ്റേഷനിലെ ഇരിപ്പിടങ്ങളിലും. മഴയും വെയിലും ഏൽക്കാതെ ഇവർ സുരക്ഷിതരായി കഴിയുകയാണ് ഇവിടെ.