1963ൽ തുർക്കിയിലെ കാപ്പഡോഷ്യക്കാരനായ ഒരാൾ തന്റെ വീടിന്റെ ഭൂഗർഭ നിലയിൽ അറ്റകുറ്റപ്പണികൾ നടത്തവെ ഒരു ചെറു തുരങ്കം കണ്ടെത്തി. ഒരു കൗതുകത്തിനായി തുരങ്കം എവിടേക്കാണ് ചെന്നെത്തുന്നതെന്ന് അറിയാൻ നോക്കിയ അയാൾ ആ കാഴ്‌ച കണ്ട് ഞെട്ടി. 1000 വർഷത്തിലേറെ പഴക്കമുള്ള ഡെരിൻകുയു എന്ന പുരാതന നഗരത്തിലേക്കായിരുന്നു ആ തുരങ്കം നയിച്ചത്.
എ.ഡി 780 നും 1180 നും ഇടയിലാണ് ഭൂമിയ്‌ക്കടിയിലെ ഈ നഗരം നിർമിച്ചതെന്ന് കരുതുന്നു. ഡെരിൻകുയു നഗരത്തെപ്പറ്റി പുരാതന ഗ്രീക്ക് ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട്. 20,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുള്ള ഒരു 18 നില കെട്ടിടമാണ് ഗവേഷകർ ഇവിടെ കണ്ടെത്തിയത്. എന്നാൽ, ഇതിൽ 8 എണ്ണത്തിൽ മാത്രമേ എത്തിച്ചേരാൻ സാധിച്ചിട്ടുള്ളു. ഇവിടെ ജീവിച്ചിരുന്നവർക്ക് ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നതിനായി 15,000ത്തിലധികം വെന്റിലേഷനുകളാണ് ഉള്ളത്. ഇക്കൂട്ടത്തിൽ ഏറ്റവും വലിയ വെന്റിലേഷന് 180 അടി നീളമുണ്ട്. ഏകദേശം 600 ലേറെ വാതിലുകളാണ് ഈ നഗരത്തിനുള്ളിലേക്കും പുറത്തേക്കും കടക്കാൻ ഉണ്ടായിരുന്നത്. ശത്രുക്കൾ കടക്കാതിരിക്കാനുള്ള വിദ്യകളും ചില വാതിലുകളിൽ പ്രകടമായിരുന്നു.
അടുക്കള, കുളിമുറി, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. കൂടാതെ കുതിരകൾ, ആടുകൾ, കോഴി തുടങ്ങിയ വളർത്തു മൃഗങ്ങളെ പാർപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വേറെയും ഭൂഗർഭ നഗരങ്ങൾ തുർക്കിയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും 60 മുതൽ 85 മീറ്റർ വരെ താഴ്‌ചയിലുള്ള ഡെരിൻകുയു ആണ് ഇക്കൂട്ടത്തിൽ വലുത്.