രാജ്യം ഇപ്പോൾ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മോദി സർക്കാരിന്റെ വികലമായ നയങ്ങളാണെന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ അഭിപ്രായം അങ്ങനെയങ്ങു തള്ളിക്കളയാനാവില്ല. ഒന്നാമത്തെ കാര്യം വെറുതെ വിടുവായത്തം പറയുന്നയാളല്ല ഡോ. സിംഗ്. പ്രതിപക്ഷക്കാരനായതു കൊണ്ടു മാത്രം അടിസ്ഥാനമില്ലാത്ത ആക്ഷേപം ഉന്നയിക്കുന്ന ആളുമല്ല. രാജ്യം കണ്ടിട്ടുള്ള ഏറ്റവും സമർത്ഥനായ ധനമന്ത്രിമാരിൽ ഒരാൾ എന്ന വിശേഷണം പണ്ടേതന്നെ സ്വന്തം പേരിനൊപ്പം ചേർത്തുവച്ച ആളാണദ്ദേഹം. റിസർവ് ബാങ്ക് ഗവർണർ പദവിയിൽ നിന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ധനകാര്യമന്ത്രിയായി നിയമിച്ച ഡോ. മൻമോഹൻ സിംഗിന് ആധികാരികമായിത്തന്നെ രാജ്യം ഇന്നു നേരിടുന്ന വിഷമസ്ഥിതിയെക്കുറിച്ചു പറയാനാകും. പ്രതിപക്ഷനേതാവിന്റെ വെറും ആരോപണമായല്ല അതിനെ കാണേണ്ടത്. സാമ്പത്തികരംഗം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം നിരത്തിവച്ച വസ്തുതകളിൽ കഴമ്പുള്ളതു കൊണ്ടാവാം ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളിൽ നിന്ന് ഇപ്പോഴത്തെ ധനമന്ത്രി നിർമ്മല സീതാരാമൻ തന്ത്രപൂർവം ഒഴിഞ്ഞു മാറിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ, ജൂൺ ത്രൈമാസ സാമ്പത്തിക വളർച്ച അഞ്ചുശതമാനത്തിലേക്ക് ഇടിഞ്ഞുവെന്ന വാർത്ത വന്നതിനു തൊട്ടുപിന്നാലെയാണ് ഡോ. മൻമോഹൻ സിംഗ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക തകർച്ചയെക്കുറിച്ച് ഭരണകൂടത്തിനു മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ ആദ്യമായിട്ടാണ് വളർച്ച ഇവ്വിധം ഇടിഞ്ഞു താഴുന്നത്. സകല ഉത്പാദന മേഖലകളെയും ബാധിച്ച തളർച്ചയാണ് ആഭ്യന്തര ഉത്പാദന സൂചികയിലും പ്രതിഫലിക്കുന്നത്. രാജ്യം അസൂയാർഹമാം വിധം കുതിച്ചു കൊണ്ടിരിക്കുകയാണെന്ന സർക്കാരിന്റെ അവകാശ വാദങ്ങളെ നിരാകരിക്കുന്നതാണ് വളർച്ചാ നിരക്കുമായി ബന്ധപ്പെട്ട കണക്കുകൾ. മികച്ച സാമ്പത്തിക വളർച്ച നേടാനുള്ള സകല സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും തെറ്റായ നയങ്ങളുടെ പിറകെ പോയതുകൊണ്ട് വലിയ നഷ്ടമാണു സംഭവിച്ചതെന്ന മുൻ പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തൽ പൂർണമായും തള്ളിക്കളയാനാവില്ല. വേണ്ടത്ര ആലോചന കൂടാതെ നടപ്പാക്കിയ നോട്ട് നിരോധനവും ധൃതിപിടിച്ച് പ്രാബല്യത്തിൽ കൊണ്ടുവന്ന ജി.എസ്.ടിയും സാമ്പത്തിക വളർച്ചയെ ബാധിച്ച പ്രതികൂല ഘടകങ്ങളാണെന്ന മൻമോഹൻ സിംഗിന്റെ അഭിപ്രായത്തെ പിന്താങ്ങുന്നവർ ഏറെയുണ്ട്. എന്നാൽ നോട്ട് നിരോധനത്തെത്തുടർന്ന് കൈക്കൊണ്ട കർക്കശ നിയന്ത്രണങ്ങൾ കള്ളപ്പണത്തിന്റെ ഉറവിടങ്ങളെ തകർത്തിട്ടുണ്ടെന്നത് ആർക്കും നിഷേധിക്കാനാവില്ല. ക്രയവിക്രയങ്ങളിൽ നേരിട്ടുള്ള പണം കൈമാറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് കള്ളപ്പണക്കാർക്ക് വലിയ പ്രഹരമാണ് നൽകിയത്.
നോട്ട് നിരോധന നടപടിക്കെതിരെ ഏറ്റവുമധികം ബഹളം കൂട്ടിയവരും ഇക്കൂട്ടരായിരുന്നു. അതുപോലെ മൻമോഹൻ സിംഗ് സർക്കാരാണ് ജി.എസ്.ടി കൊണ്ടുവരാനുള്ള നടപടിക്കു തുടക്കമിട്ടത്. എങ്ങനെ ഈ പുതിയ നികുതി സമ്പ്രദായം സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന സംശയമുള്ളതുകൊണ്ടും സംസ്ഥാനങ്ങളുടെ എതിർപ്പ് നേരിടേണ്ടി വന്നതുകൊണ്ടും മൻമോഹൻ സർക്കാർ ജി.എസ്.ടി തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ധൃതി പിടിച്ചാണ് നിയമം നടപ്പാക്കിയതെന്നു പറയാനാവില്ല. എത്രയോ വട്ടം ചർച്ചകൾ നടന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾക്ക് വില കല്പിച്ചുകൊണ്ട് ഒട്ടേറെ ഭേദഗതികളോടെ തന്നെയാണ് നിയമം അന്തിമമായി പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇപ്പോഴും മാറ്റങ്ങൾ വരുത്തുന്നുമുണ്ട്. ഏതു പുതിയ നിയമവും നടപ്പാക്കുന്ന ഘട്ടത്തിൽ കുറച്ചൊക്കെ പ്രയാസങ്ങളും തടസങ്ങളും ഉണ്ടാവുക സാധാരണമാണ്. അതു നിയമത്തിന്റെ കുറ്റം കൊണ്ടല്ല, നടപ്പാക്കുന്നതിലെ വൈകല്യങ്ങളാണു കാരണം. നികുതി വെട്ടിപ്പ് പൂർണമായും തടയാൻ ജി.എസ്.ടി ഉപകരിക്കുമെന്നാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിലും വെട്ടിപ്പ് അഭംഗുരം തുടരുന്നതു കൊണ്ടാണ് ലക്ഷ്യമിട്ട നികുതി വളർച്ച ഉണ്ടാകാതെ പോകുന്നത്.
നിർമ്മാണ മേഖലയും മോട്ടോർ വ്യവസായ മേഖലയും നേരിടുന്ന ഭീമമായ തളർച്ച കോടിക്കണക്കിനാളുകളെ തൊഴിൽരഹിതരാക്കിയെന്ന മുൻ പ്രധാനമന്ത്രിയുടെ പ്രസ്താവന സാമ്പത്തിക വിദഗ്ദ്ധർ നേരത്തെ മുതൽ ശരിവച്ചിട്ടുള്ളതാണ്. നിർമ്മാണ മേഖലയിലെ വളർച്ച 0.6 ശതമാനമായി ഇടിഞ്ഞതിൽ നിന്നുതന്നെ തകർച്ചയുടെ ആഴം മനസിലാക്കാം. റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന തിരിച്ചടികളാണ് ഇതിനു പ്രധാന കാരണം. ബാങ്ക് വായ്പ അത്യുദാരമാക്കിയതിനു ശേഷവും പല കാരണങ്ങളാൽ ആവശ്യക്കാർ മുന്നോട്ടു വരുന്നില്ല. നിർമ്മാണം പൂർത്തിയായി കിടക്കുന്ന ലക്ഷക്കണക്കിനു പാർപ്പിടങ്ങൾ വിവിധ സംസ്ഥാനങ്ങളിലായി ഉണ്ട്. പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാൻ കമ്പനികൾ മടിക്കുമ്പോൾ നിർമ്മാണ മേഖലയിലെ പ്രതിസന്ധി കൂടുതൽ മൂർച്ഛിക്കും. സമ്പദ് വ്യവസ്ഥയിൽ മാത്രമല്ല, ജനങ്ങളിലും മാന്ദ്യം ഏറെ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്കായി മാത്രം ചെലവുകൾ ഒതുക്കുന്നതിനാൽ മൊത്തത്തിലുള്ള സാമ്പത്തിക വിനിമയത്തിൽ ശോഷണം അനുഭവപ്പെടുന്നു. ഇവിടെയും തൊഴിലില്ലായ്മയും അതുവഴിയുള്ള വരുമാനക്കുറവും പ്രധാന പ്രശ്നമാണ്. കൃഷി കൂടുതൽ ലാഭകരമല്ലാതായെന്നു മാത്രമല്ല, ഉത്പന്നങ്ങളുടെ വിലയിടിവും കാർഷിക മേഖലയെ തളർത്തുന്നുണ്ട്. കാർഷിക മേഖലയുടെ ഉത്തേജനത്തിന് കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ ഇനിയും പ്രയോഗത്തിലായിട്ടില്ല. നിക്ഷേപകരെ ആകർഷിക്കാൻ വേണ്ടി കൊണ്ടുവന്ന ഇളവുകൾ പ്രയോജനപ്പെടുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
രാഷ്ട്രീയ പകപോക്കൽ മതിയാക്കി സാമ്പത്തിക മാനേജ്മെന്റ് ശരിയായി മുന്നോട്ടു കൊണ്ടുപോയില്ലെങ്കിൽ രാജ്യം വലിയ അപകടം നേരിടേണ്ടി വരുമെന്ന മൻമോഹൻ സിംഗിന്റെ വാക്കുകൾ രാഷ്ട്രീയ എതിരാളിയുടെ ജല്പനമായി കാണരുത്. അദ്ദേഹം അക്കമിട്ടു പറഞ്ഞ വസ്തുതകൾ മുഖവിലയ്ക്കെടുക്കാൻ സർക്കാർ തയാറാകണം. രാജ്യം നേരിടുന്ന സാമ്പത്തിക തളർച്ച ദേശീയ പ്രശ്നം തന്നെയാണ്. നാനാമേഖലകളിലുമുള്ള വിദഗ്ദ്ധരുടെ വിലയേറിയ നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ടു വേണം ഈ പ്രതിസന്ധി മറികടക്കാൻ. രാഷ്ട്രീയത്തിനുപരിയായിത്തന്നെ ഇത്തരം പ്രശ്നങ്ങളെ നേരിടണം.