h

വർക്കല: സ്കൂളുകളിൽ സമ്പൂർണ ശുചിത്വവും സാനിറ്ററി നാപ്കിനുകൾ നശിപ്പിക്കുന്നതിന് സൗകര്യവും അടക്കമുള്ള ടോയ്‌ലെറ്റുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ആവിഷ്ക്കരിച്ച വിദ്യാർത്ഥിനി സൗഹൃദ ടോയ്ലറ്റ് പദ്ധതി വർക്കല താലൂക്കിൽ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നു. പുതിയ അദ്ധ്യയന വർഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും താലൂക്കിലെ സർക്കാർ - സ്വകാര്യ സ്ക്കൂളുകളിൽ ഈ പദ്ധതി നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും കടുത്ത അലംഭാവം കാട്ടുന്നതായും ആക്ഷേപമുണ്ട്. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പെൺകുട്ടികൾക്കായി സൗഹൃദ ടോയ്ലറ്റ് നിർബന്ധമാക്കിയ കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ വിദ്യാലയങ്ങളിൽ പരിശോധന നടത്തേണ്ട ആരോഗ്യ വിഭാഗവും വിദ്യാഭ്യാസ വകുപ്പും ഇടപെടുന്നില്ലെന്ന് രക്ഷകർത്താക്കളും പറയുന്നു. പല സ്കൂളുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ടോയ്ലറ്റുകളുടെ ജീർണാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സൗഹൃദ ടോയ്ലറ്റുകൾ നിർമ്മിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകിയത്. എന്നാൽ കോടതി ഉത്തരവ് വന്ന് നാല് വർഷം പിന്നിട്ടിട്ടും പദ്ധതി കടലാസിൽ ഒതുങ്ങുകയാണ്. താലൂക്കിലെ ഒട്ടു മിക്ക സ്കൂളുകളിലെയും ടോയ്ലറ്റുകളിൽ ഫ്ലഷ് അടക്കമുളള സംവിധാനങ്ങൾ ലഭ്യമല്ലെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. സൗഹൃദ ടോയ്ലറ്റുകളുടെ നിർമ്മാണം ഊർജ്ജിതമാക്കണമെന്ന് പി.ടി.എ യോഗങ്ങളിലും രക്ഷകർത്താക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പാകുന്നില്ല.

എല്ലാ സ്കൂളുകളിലും ആറ് മാസത്തിനകം കുടിവെള്ളവും ടോയ്ലറ്റുകളും ഒരുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല.