abhaya-case

തിരുവനന്തപുരം: നാർകോ അനാലിസിസ് ടെസ്റ്റ് അശാസ്ത്രീയമാണെന്ന് പൊതുസമൂഹത്തിൽ ധാരണ ഉണ്ടാക്കാൻ പൊതുതാത്പര്യ ഹർജി നൽകാൻ സിസ്റ്റർ അഭയവധക്കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് എം. കോട്ടൂ‌ർ നിർബന്ധിച്ചിരുന്നെന്ന് സാക്ഷിയുടെ മൊഴി. കേസിലെ ഏഴാം സാക്ഷിയും പൊതുപ്രവർത്തകനുമായ കളർക്കോട് വേണുഗോപാലൻ നായരാണ് പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴി നൽകിയത്.

പ്രതികളെ നാർകോ അനാലിസിസിന് വിധേയരാക്കുന്നതിന് മുൻപായിരുന്നു കോട്ടയം ബിഷപ്പ് ഹൗസിൽ വച്ച് താൻ ഫാദർ കോട്ടൂരുമായി കൂടിക്കാഴ്ച നടത്തിയത്. പത്രമാദ്ധ്യമങ്ങളിൽ നാർകോ അനാലിസിസിനെതിരെ ലേഖനം എഴുതാൻ ഡോ. തോമസ് വടക്കുഞ്ചേരിയെപ്പോലുള്ളവർക്ക് ലക്ഷങ്ങൾ നൽകിയെന്ന് ഫാദർ കോട്ടൂർ തന്നോട് പറഞ്ഞതായി വേണുഗോപാൽ കോടതിയിൽ മൊഴി നൽകി.

അഭയക്കേസിനെക്കുറിച്ച് പറയുമ്പോൾ ഫാദറിനെ ഭയത്തോടെയാണ് കാണപ്പെട്ടത്. തെറ്റ് ചെയ്തതിന്റെ സംഭ്രമം ഫാദറിന്റെ മുഖത്ത് കാണാമായിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഫാദർ സംസാരിച്ചത്. ഒരു തെറ്റ് പറ്റിപ്പോയി, എല്ലാവരും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. ഞാനും ഒരു മനുഷ്യനാണ്. അല്ലാതെ കല്ലിലും മരത്തിലും ഉണ്ടാക്കിയ വസ്തു അല്ലെന്നും ഫാദർ തന്നോട് പറ‌ഞ്ഞതായി സാക്ഷി കോടതിയിൽ മൊഴി നൽകി.

സിസ്റ്റർ സെഫിയുമായി അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്ന് ഫാദർ കോട്ടൂർ പറഞ്ഞു. സെഫിയും കോട്ടൂരും ഭാര്യാഭർത്താക്കൻമാരെ പോലെയാണ് കഴിഞ്ഞതെന്നും കോട്ടൂർ തന്നോട് പറ‌ഞ്ഞിരുന്നതായി സാക്ഷി കോടതിയെ അറിയിച്ചു.

നാർകോ അനാലിസിസിനെതിരെ ഹെെക്കോടതിയിൽ കേസ് നൽകാൻ വീണ്ടും നിർബന്ധിച്ചു. പണം പ്രശ്നമല്ലെന്നും അത് സഭ നോക്കിക്കോളുമെന്നുമാണ് ഫാദർ തന്നോട് പറഞ്ഞത്. ഇക്കാര്യങ്ങൾ ഫാദർ തന്നോട് പറയുമ്പോൾ അപ്നാദേശ് എന്ന മാഗസിന്റെ പത്രാധിപർ എന്ന് പരിചയപ്പെടുത്തിയ ഒരു അച്ഛനും കൂടെയുണ്ടായിരുന്നു. പിന്നീട് പ്രതികളെ പിടികൂടിയപ്പോഴാണ് അന്ന് കണ്ടത് ഫാദർ ജോസ് പൂതൃക്കയിലാണെന്ന് മനസിലായതെന്നും സാക്ഷി കോടതിയെ അറിയിച്ചു.