2

വിഴിഞ്ഞം: വിഴിഞ്ഞം പുതിയ വാർഫിന് സമീപം മുങ്ങിയ ടഗ്ഗ് ഉയർത്തുന്നതിനുള്ള നടപടികൾ ഇതുവരെ തീരുമാനമാകാത്തതിനാൽ അനിശ്ചിതത്വത്തിലായത് തീരസംരക്ഷണസേനയുടെ ബർത്ത് നിർമ്മാണമാണ്. വിഷയത്തിൽ അനൗദ്യോഗിക ചർച്ചകൾ നടക്കുന്നെങ്കിലും തീരുമാനമാകുന്നില്ല. ഇത് സംബന്ധിച്ച് ഉന്നതതല ചർച്ച ഉടൻ ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കഴിഞ്ഞ വ്യാഴാഴ്ച വിഴിഞ്ഞത്ത് കൂടിയ മാസ്റ്റർപ്ലാൻ ചർച്ചയിൽ ഇത് ഉൾപ്പെടുത്തിയിരുന്നെങ്കിലും ബഹളത്തിലും ഇറങ്ങിപ്പോക്കിനുമിടയ്ക്ക് ഇതു ചർച്ച ചെയ്യാനായില്ല. അതിനെ തുടർന്നാണ് വീണ്ടും ചർച്ച നടത്തുന്നത്. വലിയ കപ്പലുകൾ അടുപ്പിക്കുന്നതിനു വേണ്ടി ആധുനിക സൗകര്യങ്ങളോടുകൂടിയ ബർത്ത് നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും ടഗ്ഗ് മാറ്റാത്തതിനാൽ നിർമാണം തുടങ്ങാനായില്ല. രണ്ടു വർഷം മുൻപ് ഏഴ് കോടി രൂപ ചെലവിൽ ബർത്ത് നിർമ്മിക്കാൻ നടപടികൾ പൂർത്തിയാക്കി നിർമ്മാണോദ്ഘാടനവും നടത്തിയിരുന്നു. പക്ഷേ ബർത്ത് നിർമ്മാണം ഇപ്പോഴും നീളുകയാണ്.

അഞ്ച്മാസം മുൻപ് കരാറടിസ്ഥാനത്തിൽ ഖലാസികൾ എത്തി ടഗ്ഗ് ഉയർത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. വിഞ്ച് ഘടിപ്പിച്ച് ട്രയലും നടത്തി. വടം പൊട്ടിയതല്ലാതെ ടഗ്ഗ് അനങ്ങിയില്ല. തുടർന്ന് ഖലാസികൾ ശ്രമം ഉപേക്ഷിച്ചു. ഇതോടെ കോസ്റ്റ് ഗാർഡിന്റെ ബെർത്ത് നിർമ്മാണം അനിശ്ചിതത്വത്തിലായി.

വലിയ കപ്പലുകൾ ഇവിടെ അടുക്കാൻ കഴിയാത്തതിനാൽ അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. തീരസംരക്ഷണ സേനയ്ക്ക് പ്രത്യേക ബർത്ത് നിർമ്മിക്കണമെന്നത് വർഷങ്ങൾക്ക് മുൻപുള്ള ആവശ്യമാണ്. എന്നാൽ ടഗ്ഗ് മാറ്റിയാൽ മാത്രമേ ബർത്ത് നിർമ്മാണം നടക്കൂ.