തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ വസ്തുവിലൂടെ കടന്നു പോകുന്ന മാൻഹോളുകൾ തുറന്നു പരിശോധിക്കാൻ ഉടമസ്ഥർ തടസം നിൽക്കുന്ന സാഹചര്യത്തിൽ നോട്ടീസ് നൽകി ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണത്തോടെ സ്വീവറേജ് പൈപ്പുകൾ പരിശോധിച്ച് ബ്ലോക്ക് നീക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
വഴുതക്കാട്ടെ ഫ്ളാറ്റ് സമുച്ചയത്തിൽ നിന്നുള്ള ഡ്രെയിനേജ് മാൻഹോളിലെ തടസം കാരണം മാലിന്യം കവിഞ്ഞൊഴുകി പരിസര മലിനീകരണം ഉണ്ടാകുന്നതായി പ്രദേശവാസിയായ സി. രാമയ്യപിള്ള സമർപ്പിച്ച പരാതിയിലാണ് നടപടി. വഴുതക്കാട് മള്ളൂർ റോഡിലെ ഡ്രെയിനേജാണ് റോഡിലേക്ക് ഒഴുകുന്നത്. കമ്മിഷൻ പാറ്റൂർ സ്വീവറേജ് ഡിവിഷനിൽ നിന്ന് റിപ്പോർട്ട് വാങ്ങി. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുളള മാൻഹോൾ പരിശോധിക്കാൻ കഴിയാത്തതു കാരണം തടസം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫ്ളാറ്റിൽ നിന്നുള്ള മലിനജലം കാലപ്പഴക്കമുള്ള ഡ്രെയിനേജ് ലൈനിലേക്ക് തുറന്നു വിടുന്നത് കാരണം മലിനജലം പുറത്തേക്ക് പൊട്ടി ഒഴുകുന്നതായും റിപ്പോർട്ടിലുണ്ട്.
സ്വീവറേജിലുള്ള തടസം കണ്ടെത്തി പരിഹരിക്കാൻ കഴിയാത്തത് ജല അതോറിറ്റി സ്വീവറേജ് ഡിവിഷന്റെ അനാസ്ഥയാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.