വിഴിഞ്ഞം: അത്തം പിറന്നതോടെ ചിന്നത്തോവാളയിൽ വർണ്ണപുഷ്ങ്ങൾ വാങ്ങാൻ തിരക്കേറി. ഇനി പത്തുനാൾ ചിന്നതോവാള എന്നറിയുന്ന കാഞ്ഞിരംകുളം ജംഗ്ഷനിൽ വിവിധ വർണപുഷ്പങ്ങളുടെ കൂമ്പാര കാഴ്ചകളാണ്. അത്തത്തട്ടുകൾ ഉണർന്നതോടുകൂടി ഇനി ഏതാനും നാൾ കാഞ്ഞിരംകുളം തിരക്കിലമരും. തമിഴ്നാട്ടിലെ തോവാളയിൽ നിന്നും പൂവാങ്ങുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഇവിടെ നിന്നും പൂക്കൾ വാങ്ങാൻ കഴിയും.ഇവിടെ സ്ഥിരമായി 6 പൂക്കടകൾ ഉണ്ടെങ്കിലും ഇന്നലെ മുതൽ അവ 13 ആയി. ഇനിയും ഇവ കൂടാനാണ് സാധ്യതയെന്ന് നാട്ടുകാർ പറയുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും ഇവിടെ പൂവുകൾ എത്തി തോവാളയ്ക്ക് സമാനമായ കച്ചവടവും തിരക്കും അനുഭവപ്പെടുന്നതിനാലാണ് ഇവിടെ ചിന്ന തോവാള എന്നറിയപ്പെടുന്നത്. തോവാള, മധുര, ബാംഗ്ലൂർ, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നുമെത്തിക്കുന്ന പൂവുകൾകൾക്ക് ചിന്നത്തോവാളയിൽ ന്യായവിലയാണ്. മധുരയിൽ നിന്നും തോവാളയിൽ എത്തിക്കുന്ന അരളി പൂവ് കിലോയ്ക്ക് 190 രൂപ വിലയുള്ളപ്പോൾ ചിന്നത്തോവാളയിൽ 180 രൂപയാണ് വില. ഏറ്റവും വില കൂടിയ ചുവന്ന അരളിയ്ക്ക് തോവാളയെക്കാൾ ചിന്നത്തോവാളയിൽ വിലക്കുറവാണ്. വാടാമുല്ല, ജമന്തി, കേന്തി എന്നിവയ്ക്ക് തോവാളയേക്കാൾ ചിന്നത്തോവാളയിൽ വില കുറവാണ്. സ്കൂൾ കുട്ടികളും സംഘടകളും ഉൾപ്പെടെയുള്ളവരാണ് ഇപ്പോൾ ഇവിടെ പൂവാങ്ങാൻ എത്തുന്നത്.