high-court-

തിരുവനന്തപുരം : സംസ്ഥാനത്തെ കലാലയങ്ങളിൽ പഠിക്കാനുള്ള അന്തരീക്ഷമില്ലെന്നും ഒരുകൂട്ടം അദ്ധ്യാപകരാണ് വിദ്യാർത്ഥി സംഘടനകളുടെ തെറ്റായ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നതെന്നും യൂണിവേഴ്സിറ്റി കോളേജിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ രൂപീകരിച്ച സ്വതന്ത്ര ജുഡിഷ്യൽ കമ്മിഷന്റെ കണ്ടെത്തൽ.

രാഷ്ട്രീയ ചായ്‌വുള്ള ഇത്തരം അദ്ധ്യാപകർ പ്രാധാന്യം നൽകുന്നത് സംഘടനാ ഭാരവാഹികൾക്കാണ്. ഇതോടെ വിദ്യാർത്ഥി സംഘടനകൾ കോളേജുകളിൽ ഏകാധിപതികളായി മാറുന്നു. ഇവർക്കെതിരെ പരാതി പറഞ്ഞാൽ അദ്ധ്യാപകർ കേൾക്കാൻ പോലും തയ്യാറല്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു. റിപ്പോർട്ട് കഴിഞ്ഞ ദിവസം ഗവർണർ പി. സദാശിവത്തിനു കൈമാറിയതായി ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈമാസം അഞ്ചിന് മുഖ്യമന്ത്രിക്ക് നൽകും.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാനതല ഓംബുഡ്സ്മാനെ നിയമിക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. നിലവിലുള്ള നിയമങ്ങൾ പോലും നടപ്പാക്കാൻ തയ്യാറാകാത്ത സ്ഥിതിയാണ്. ജനാധിപത്യ രീതി മിക്ക കോളേജുകൾക്കും നഷ്ടപ്പെട്ടു.

സേവ് യൂണിവേഴ്സിറ്റി കോളേജ് കാമ്പെയിൻ കമ്മിറ്റിയാണ് കമ്മിഷനെ നിയോഗിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർത്ഥിനി നിഖിലയ്ക്കു റിപ്പോർട്ട് നൽകി ജസ്റ്റിസ് പി. ഷംസുദ്ദീൻ പ്രകാശനം നിർവഹിച്ചു.

മറ്റു ശുപാർശകൾ

 വിദ്യാർത്ഥിനികളുടെ പ്രശ്നപരിഹാരങ്ങൾക്കായി കോളേജുകളിൽ ആഭ്യന്തര കമ്മിറ്റി രൂപീകരിക്കണം

വിദ്യാർത്ഥികളെ നിർബന്ധിച്ച് പ്രകടനങ്ങളിലോ പരിപാടികളിലോ പങ്കെടുപ്പിക്കുന്നത് തടയണം

കാമ്പസുകളിൽ ഒരു യൂണിയൻ മാത്രം പ്രവർത്തിക്കുന്ന രീതി അവസാനിപ്പിക്കണം

പുതുതായി എത്തുന്ന കുട്ടികളെ നിർബന്ധിപ്പിച്ച് യൂണിയനുകൾ അംഗമാക്കരുത്

കോളേജ് യൂണിയന്റെ പേരിലോ സംഘടനകളുടെ പേരിലോ നിർബന്ധിത പിരിവ് അനുവദിക്കരുത്

യൂണിയൻ തിരഞ്ഞെടുപ്പുകൾക്ക് സർവകലാശാലയുടെ പൂർണ മേൽനോട്ടം വേണം

കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കരുത്

സ്‌പോട്ട് അഡ്മിഷൻ സർവകലാശാലകൾ നേരിട്ട് നടത്തണം

പ്രവൃത്തി സമയം കഴിഞ്ഞാൽ വിദ്യാർത്ഥികൾ കാമ്പസുകളിൽ തങ്ങുന്നത് തടയണം

പരീക്ഷ കഴിഞ്ഞാലുടൻ ഉത്തരക്കടലാസുകൾ തിരികെ വാങ്ങി ഓഡിറ്റു ചെയ്യാൻ സംവിധാനം വേണം

 ദുരുപയോഗം തടയാൻ ഇന്റേണൽ മാർക്ക് പകുതിയായി കുറയ്ക്കണം

പാളയത്തെ ആൺകുട്ടികളുടെ ഹോസ്റ്റൽ നവീകരിച്ച് പെൺകുട്ടികൾക്ക് നൽകണം

ആൺകുട്ടികൾക്ക് വേറെ ഹോസ്റ്റൽ നിർമ്മിക്കണം

സർക്കാർ ഇടപെടണം : നിഖില

സർക്കാർ ഫലപ്രദമായി ഇടപെട്ടാൽ കലാലയങ്ങളിലെ അക്രമങ്ങൾ അവസാനിപ്പിക്കാനാകുമെന്ന് യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർത്ഥിനി നിഖില പറഞ്ഞു. എന്റെ വിഷയം വന്നപ്പോഴെങ്കിലും മാറ്റം ഉണ്ടാകുമെന്നാണു കരുതിയത്. എല്ലാം രാഷ്ട്രീയമായി കാണുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ പ്രതീക്ഷയുണ്ട്.