തിരുവനന്തപുരം: പെരുമ്പടവം ശ്രീധരൻ കേരളത്തിന്റെ അഭിമാനമാണെന്ന് ശശി തരൂർ എം.പി പറഞ്ഞു. ചാരു സങ്കീർത്തനം എന്ന പേരിൽ കെ.പി.സി.സി വിചാർ വിഭാഗം സംഘടിപ്പിച്ച 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിന്റെ രജത ജൂബിലി ആഘോഷം ഗാന്ധിഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോവലിന്റെ 25-ാം വാർഷികത്തിൽ നൂറ് പതിപ്പ് ഇറങ്ങിയതാണ് അഭിമാനത്തിനു വക നൽകുന്നത്. ദസ്തവോസ്‌കിയും അന്നയും തമ്മിലുള്ള സ്‌നേഹത്തിന്റെ നൂൽ കണ്ടെത്താൻ ഈ ന വലിൽ എഴുത്തുകാരന് കഴിഞ്ഞു. ആ കഥമാത്രമല്ല സ്‌നേഹവികാരങ്ങൾ ഹൃദയത്തിൽ നിറയ്ക്കാനും തന്റെ സൃഷ്ടിയിലൂടെ പെരുമ്പടവം ശ്രീധരന് കഴിഞ്ഞെന്നും തരൂർ പറഞ്ഞു.
ഒരു മനുഷ്യൻ തന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുക്കുന്നത് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലാണെന്ന് പെരുമ്പടവം പറഞ്ഞു. തന്റെ കുട്ടിക്കാലം മുതലുള്ള വായനയിൽ പിന്തുടർന്ന എഴുത്തുകാരനാണ് ദസ്തവോസ്‌കി. അദ്ദേഹത്തെക്കുറിച്ച് പുസ്തകം എഴുതുമെന്ന് ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഒരു വെളിപാടു പോലെയാണ് അന്നയും ദസ്തവോസ്‌കിയും തന്റെ എഴുത്തിന്റെ വഴിയിലേക്ക് കടന്നുവന്നതെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ലളിതകലാ അക്കാഡമി മുൻ ചെയർമാൻ കാട്ടൂർ നാരായണപിള്ള അദ്ധ്യക്ഷനായി. ചെറിയാൻ ഫിലിപ്പ്, പാലോട് രവി, ആർ.എസ്.വിമൽ, ഡോ.ബെറ്റിമോൾ മാത്യു, ആശ്രാമം ഭാസി,വിനോദ് സെൻ തടങ്ങിയവർ സംസാരിച്ചു. പെരുമ്പടവത്തെയും പ്രസാധകൻ ആശ്രാമം ഭാസിയെയും പൊന്നാടയണിച്ച് ആദരിച്ചു.
ഫോട്ടോ: കെ.പി.സി.സി വിചാർ വിഭാഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച ' ഒരു സങ്കീർത്തനം പോലെ ' നോവലിന്റെ രജതജൂബിലി ആഘോഷ ചടങ്ങിനിടെ പെരുമ്പടവം ശ്രീധരനുമായി ശശി തരൂർ എം.പി സൗഹൃദ സംഭാഷണത്തിൽ