peapara

വിതുര: പേപ്പാറ വനമേഖലയിയും ഡാമിന്റെ വൃഷ്ടിപ്രദേശത്തും മഴ ശക്തിപ്പെട്ടു. ഇതോടെ ഡാം നിറയുകയും ഡാമിന്റെ സംഭരണശേഷി പരമാവധിയിലേക്ക്ഉയരുകയും ചെയ്തു. രണ്ട് ദിവസമായി മഴ തുടച്ചയായി പെയ്തതോടെ ശക്തമായ നീരൊഴുക്കാണുണ്ടായത്.

തുടർന്നാണ് ഡാമിലെ ജലനിരപ്പ് ഇന്നലെ രാവിലെ 107 സെന്റീമീറ്റർ ആയിരുന്നു. ഇതോടെ ജലവകുപ്പധികൃതർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വൈകുന്നേരമായതോടെ ജലനിരപ്പ് വീണ്ടും ഉയർന്ന് 107.25 ആയി. ഇന്ന് ഡാം തുറക്കാനും സാദ്ധ്യതയുണ്ട്. മാസങ്ങൾക്ക് മുൻപ് പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഗണ്യമായി ഉയരുകയും ഷട്ടറുകൾ തുറക്കുകയും ചെയ്തിരുന്നു. അന്നത്തേക്കാൾ ശക്തമായ മഴയാണ് ഇപ്പോൾ പെയ്യുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങി. അനവധി മരങ്ങൾ വെള്ളത്തിടിയിലായി. പേപ്പാറയിൽ നിന്നും പൊടിയക്കാലയിലേക്ക് പോകുന്ന റോഡിലും ഡാമിലെ വെള്ളം കയറിയിട്ടുണ്ട്. ഡാമിലെ ഒഴുകിയെത്തുന്ന ചെറുനദികളും കര കവിഞ്ഞും ഗതിമാറിയും ഒഴുകുകയാണ്.

പേപ്പാറയിൽ വൈദ്യുതി ഉത്പാദനം ഉഷാർ

കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നതോടെ വൈദ്യുതി ഉത്പാദനവും ഉഷാറായി. പ്രതിദിനം മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഇടയ്ക്ക് ജലനിരപ്പ് താഴ്ന്നത് വൈദ്യുതി ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

പൊൻമുടിയിലും കനത്ത മഴ

പൊൻമുടി, ബോണക്കാട് വനമേഖലയിലും മഴ തിമിർത്തുപെയ്യുകയാണ്. നദികളിലൊക്കെ ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഇന്നലെ ഇടവിട്ട് മണിക്കൂറുകളോളം മഴ കോരിച്ചൊരിഞ്ഞതോടെ വാമനപുരം നദി നിറഞ്ഞൊഴുകുകയാണ്. നദിയുടെ തീരത്ത് അധിവസിക്കുന്നവർ ഭീതിയുടെ നിഴലിലാണ്.

ജാഗ്രത പാലിക്കണം

പേപ്പാറ ഡാം തുറന്നാൽ അരുവിക്കര ഡാമിലെ ഷട്ടറുകളും ഉയർത്തേണ്ടി വരും. രണ്ട് ഡാമുകളും തുറന്നാൽ കരമനയാറ്റിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നേക്കും. കരമനയാറ്റിന്റെ തീരത്ത് അധിവസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമുണ്ട്.

ഡാമിന്റെ പരമാവധി സംഭരണശേഷി; 110 സെന്റീ മീറ്റർ

ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത് -107.50 ആയാൽ

രാത്രിയിൽ ഇനിയും ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.

പി.എൻ. ഷിബു , പേപ്പാറ അസി. എൻജിനിയർ