തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിലെ അധികാര വടംവലിയിൽ നിർണ്ണായക ഘടകമായി രണ്ടില ചിഹ്നം മാറവേ, ചിഹ്നം അനുവദിക്കണമെന്ന് പി.ജെ. ജോസഫിനോട് യു.ഡി.എഫ് നേതൃത്വവും നിർബന്ധിച്ചേക്കില്ലെന്നാണ് സൂചന. ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത ഒരു വിഭാഗത്തിന്റെ തീരുമാനത്തിന് കോടതി സ്റ്റേ നിലനിൽക്കുന്ന സാഹചര്യത്തിൽ, കേരള കോൺഗ്രസ്-എം വർക്കിംഗ് ചെയർമാനായി പി.ജെ. ജോസഫാണ് ഔദ്യോഗികമായി തുടരുന്നത്. ജോസ് വിഭാഗത്തിന്റെ യോഗത്തിൽ പങ്കെടുത്തതിന് ജോസഫ് നടപടിയെടുത്തയാളാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ. രണ്ടിലയില്ലെങ്കിലും കുഴപ്പമില്ലെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടയുടനേ ജോസ് ടോം പറഞ്ഞതും പി.ജെ. ജോസഫിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ രണ്ടില ചിഹ്നം അനുവദിച്ച് വിട്ടുവീഴ്ച ചെയ്താൽ അത് ആത്മഹത്യാപരമാണെന്ന് ജോസഫ് പക്ഷം കരുതുന്നു. കോടതിയിലും തിരഞ്ഞെടുപ്പ് കമ്മിഷനിലുമുള്ള വ്യവഹാരങ്ങളിലും ഇത് പ്രതികൂലമായി ബാധിക്കും.
പന്ത് തന്റെ കോർട്ടിലായത് കൊണ്ടാണ് തന്റെ നേതൃത്വം അംഗീകരിച്ചാൽ മാത്രം രണ്ടില ചിഹ്നം അനുവദിക്കാമെന്ന് പി.ജെ. ജോസഫ് പറയുന്നത്. ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തിന് മുന്നിലും ജോസഫ് ഉന്നയിച്ചിട്ടുണ്ട്. ജോസഫിന്റെ വാദം ന്യായമാണെന്ന് കരുതുന്ന നേതാക്കൾ കോൺഗ്രസിലും യു.ഡി.എഫിലുമുണ്ട്. എന്നാൽ, വലിയ വിട്ടുവീഴ്ചയ്ക്ക് ജോസ് വിഭാഗം തയ്യാറായാലല്ലാതെ രണ്ടില ചിഹ്നം തൽക്കാലം ലഭിക്കാനിടയില്ല. അല്ലെങ്കിൽ കേസുകളിൽ തീർപ്പാവുകയും ജോസ് വിഭാഗത്തിന് അനുകൂലമായി വരുകയും വേണം. ജോസ് വിട്ടുവീഴ്ച ചെയ്തെങ്കിൽ ചിഹ്നപ്രശ്നം പരിഹരിക്കപ്പെടുമായിരുന്നുവെന്ന് കെ.എം. മാണിയുടെ ഏറ്റവുമടുത്ത വിശ്വസ്തനായിരുന്ന, ഇപ്പോഴും ജോസ് പക്ഷത്ത് തുടരുന്ന മുതിർന്ന നേതാവ് ഇ.ജെ. ആഗസ്തി ഇന്നലെ പ്രതികരിച്ചതും ശ്രദ്ധേയം.
കോടതിയുടെ നിലവിലെ ഉത്തരവനുസരിച്ച് പി.ജെ. ജോസഫാണ് പാർട്ടി വർക്കിംഗ് ചെയർമാൻ എന്നിരിക്കെ, രണ്ടില ചിഹ്നം അനുവദിക്കേണ്ടത് അദ്ദേഹമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കുന്നത്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹി ഒപ്പ് വയ്ക്കേണ്ട ഫോറമുണ്ട്. പാർട്ടി ചിഹ്നം ലഭിക്കണമെങ്കിൽ പി.ജെ. ജോസഫിന്റെ അംഗീകാരം വേണമെന്നാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും അറിയിച്ചത്. പത്രികാസമർപ്പണത്തിന് ഇനി രണ്ട് നാൾ ബാക്കിനിൽക്കേ ചിഹ്ന പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അഞ്ച് പതിറ്റാണ്ടിന് ശേഷം രണ്ടില കാണാതെ പാലാ പോളിംഗ്ബൂത്തിലേക്ക് ചെല്ലേണ്ട സ്ഥിതിയാവും. .