നേമം: ബൈക്കിലെത്തിയ ഹെൽമെറ്റ് ധരിച്ച യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു. പേയാട് സ്വദേശി ഓമനകുമാരിയുടെ (55) മൂന്നര പവൻ മാലയാണ് നഷ്ടമായത്. തിരുവനന്തപുരം നഗരസഭയിലെ സ്വീപ്പർ തസ്തികയിൽ ജോലി നോക്കി വരുന്ന ഓമനകുമാരി ജോലിയുടെ ഭാഗമായി ഇന്നലെ രാവിലെ 10.30 ന് ജഗതി സുദർശന നഗറിന് സമീപം ജോലിയിൽ ഏർപ്പെട്ടിരിക്കെ ഇവരുടെ സമീപത്ത് ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഓമനകുമാരിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞില്ല. മോഷ്ടാവ് കവർന്ന മാലയുമായി പൂജപ്പുരവഴി കരമന ഭാഗത്തേക്ക് ബൈക്കോടിച്ചു പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. മോഷ്ടാവിനെ തിരിച്ചറിയുന്നതിനു വേണ്ടി പൊലീസ് സ്ഥലത്തെ സി.സി ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.