ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ ആലംകോട് ജംഗ്ഷനിൽ എൻ.എച്ചിനോട് ചേർന്ന് പുതുതായി നിർമ്മിച്ച ഓട പൊളിച്ച് മലിനജലം ഒഴുക്കിവിട്ട ഹോട്ടൽ പൂട്ടിച്ചു. ആലംകോട് സെന്റർ ഹോട്ടലാണ് നഗരസഭാ അധികൃതർ പൂട്ടിച്ചത്.ആലംകോടുള്ള ചില ഹോട്ടലിൽ മലിന ജലം ശേഖരിച്ച ശേഷം രാത്രികാലങ്ങളിൽ ഓടയിലേക്ക് പമ്പുവച്ച് ഒഴുക്കിവിടുകയാണ് ഇവിടെ പതിവായി ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. ഈ മലിന ജലം പൂവൻപാറ പാലത്തിന് സമീപത്ത് വാമനപുരം നദിയിൽ എത്തുകയാണ് പതിവ്. നദിയിൽ നിന്ന് പമ്പുചെയ്യുന്ന ജലമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. ഇതു സംബന്ധിച്ച് വ്യാപകമായ പരാതിയെ തുടർന്നാണ് ഓട പൊളിച്ച് പുതുതായി നിർമ്മിച്ച് പ്രശ്നം പരിഹരിച്ചത്.ഈ ഓട പൊട്ടിച്ചാണ് സെന്റർ ഹോട്ടൽ ജീവനക്കാർ കഴിഞ്ഞ ദിവസം വീണ്ടും മലിന ജലം ഒടയിലേക്ക് ഒഴുക്കിയത്. നഗരസഭാ ചെയർമാന് ലഭിച്ച പരാതിയെതുടർന്ന് ചെയർമാൻ നേരിട്ടെത്തി പരിശോധിച്ചാണ് ഹോട്ടൽ അടച്ചു പൂട്ടാൻ ഹെൽത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയത്. ഇവർ മലിന ജലം ഓടയിലേക്ക് ഒഴുക്കാൻ ഉപയോഗിച്ച പമ്പും മറ്റ് സാമഗ്രികളും നഗരസഭാ അധികൃതർ പിടിച്ചെടുത്തു. മലിന ജല സംസ്കാരണത്തിന് സംവിധാനമില്ലാത്ത എല്ലാ സ്ഥാപനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ എം. പ്രദീപ് പറഞ്ഞു.