വെഞ്ഞാറമൂട്: കുതിരയെക്കണ്ട് ആന വിരണ്ടോടി. ആനയുടെ മുന്നിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് മൂന്നുപേർക്ക് പരിക്കേറ്റു. തൈയ്ക്കാട് സ്വദേശി രവീന്ദ്രന്റെ കണ്ണൻ എന്ന ആനയാണ് വിരണ്ടത്. ആനയുടെ ഓട്ടത്തിനിടയിൽപ്പെട്ടുപോയ അമ്പലംമുക്ക് സ്വദേശി ശാന്ത, ഓമന, ബാബു എന്നിവർക്കാണ് ഓടി മാറുന്നതിനിടെ വീണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 8.20ന് കീഴായിക്കോണത്തുവച്ചായിരുന്നു സംഭവം. അമ്പലംമുക്കിലുള്ള ക്ഷേത്രത്തിൽ ആനയൂട്ടിനു കൊണ്ടുപോയതായിരുന്നു കണ്ണനെ. കീഴായിക്കോണം പെട്രോൾ പമ്പിനു സമീപമെത്തിയപ്പോൾ പറമ്പിൽ കെട്ടിയിരുന്ന കുതിരയെ കണ്ട് കണ്ണൻ വിരണ്ടോടുകയായിരുന്നു.