psc-recruitment
PSC recruitment

തിരുവനന്തപുരം: സമീപകാലത്തെ നിയമനങ്ങളെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, പി.എസ്.സി പരീക്ഷകളിലെ തട്ടിപ്പുകളെക്കുറിച്ച് സമഗ്രാന്വേഷണത്തിന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. മുൻ വർഷങ്ങളിലെ റാങ്ക്‌ ലിസ്​റ്റുകളും പരിശോധിക്കും. റാങ്ക് പട്ടികകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ പി.എസ്.സി സെക്രട്ടറിയോട് ആവശ്യപ്പെടും. എന്നാൽ, എത്ര വർഷത്തെ പരീക്ഷകൾ പരിശോധിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.

യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ പ്രതികളായ കോൺസ്റ്റബിൾ പരീക്ഷാതട്ടിപ്പ് കേസിൽ പ്രതിയായ പൊലീസുകാരൻ ഗോകുൽ ഫയർമാൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കും. 199-ാം റാങ്കാണ് ഗോകുലിന്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

നിലവിൽ അഞ്ചു പ്രതികളുള്ള കേസിൽ രണ്ട് പേരെ പിടികൂടാനുണ്ട്. അതേസമയം, മൂന്നു വർഷത്തെ റാങ്ക് പട്ടികയുടെ വിവരങ്ങൾ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ ക്രൈംബ്രാഞ്ച് നിഷേധിച്ചു. ഇത്തരമൊരു കത്ത് ക്രൈംബ്രാഞ്ചിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് പി.എസ്.സി സെക്രട്ടറി സാജു ജോർജ് പറഞ്ഞു.

കോപ്പിയടിച്ചാണ് പരീക്ഷയെഴുതിയതെന്ന് ശിവരഞ്ജിത്തും നസീമും സമ്മതിച്ചെങ്കിലും പരീക്ഷയുടെ ചോദ്യപ്പേപ്പർ എങ്ങനെ പുറത്തെത്തിയെന്ന് പറഞ്ഞിട്ടില്ല. പ്രണവ് ആസൂത്രണം ചെയ്ത തട്ടിപ്പിൽ ഗോകുലും സഫീറും ചേർന്നാണ് ഉത്തരങ്ങൾ എസ്.എം.എസായി അയച്ചതെന്നാണ് ഇരുവരുടെയും മൊഴി. മൊബൈൽ ഫോണിലേക്ക് അയച്ച ഉത്തരങ്ങൾ ഇരുവരും ബ്ലൂടൂത്ത് സ്മാർട്ട് വാച്ച് ഉപയോഗിച്ച് സ്വീകരിക്കുകയായിരുന്നു. എന്നാൽ ഈ സ്മാർട്ട് വാച്ചുകളും കണ്ടെടുക്കാനായില്ല.

പി.എസ്.സി ചെയർമാൻ വാർത്താസമ്മേളനം വിളിച്ച് തട്ടിപ്പിന്റെ രീതികളും ഉപയോഗിച്ച മൊബൈൽ നമ്പരുകളും വെളിപ്പെടുത്തിയതോടെ പ്രതികൾ തെളിവ് നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ഹൈടെക് തട്ടിപ്പ്

പി.എസ്.സി ജീവനക്കാരുടെ മേൽനോട്ടമില്ലാത്ത പരീക്ഷാ കേന്ദ്രത്തിലാണ് കൂടുതൽ തട്ടിപ്പും നടക്കുന്നത്

 ബ്ലൂടൂത്ത് ഹെഡ്‌ഫോൺ, മൊബൈൽഫോൺ, സ്‌കാനറുള്ള പേന, വാച്ച് എന്നിവ തട്ടിപ്പിനുപയോഗിക്കുന്നു