photo

നെടുമങ്ങാട്: ജാതിയും സ്ത്രീധനവും പ്രശ്‌നമല്ലെന്ന് പരസ്യപ്പെടുത്തി വിവാഹം കഴിച്ച ആദിവാസി യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചതായി പരാതി. അടിവയറ്റിലേറ്റ മർദ്ദനത്തെ തുടർന്നുള്ള ബ്ലീഡിംഗ് കാരണം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവതി ചികിത്സയിലാണ്. ഇടുക്കി സ്വദേശിനിയായ രാസ്‌മിക്കാണ് (20) മർദ്ദനമേറ്റത്. വിളപ്പിൽശാല സ്വദേശിയായ ഭർത്താവിനെതിരെ രാസ്‌മി നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് പരാതി നൽകി. മൂന്ന് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി ഭർത്താവിനൊപ്പം കഴിഞ്ഞ യുവതിയോട് ജാതി പറഞ്ഞും സ്ത്രീധനം ആവശ്യപ്പെട്ടും പീഡനം പതിവായിരുന്നെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ 27ന് ഭർത്താവും ഭർതൃപിതാവും സഹോദരിയും ചേർന്ന് മർദ്ദിച്ച് അവശയാക്കി മുറിയിൽ പൂട്ടിയിട്ടു. ബഹളം വച്ചപ്പോഴാണ് അടിവയറ്റിൽ ചവിട്ടിയത്. കുഴഞ്ഞുവീണ യുവതിയെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഭർത്താവും ബന്ധുക്കളും മുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് ഇടുക്കിയിൽ നിന്ന് യുവതിയുടെ അമ്മ ആശുപത്രിയിലെത്തി. ഭക്ഷണത്തിനും ചികിത്സയ്ക്കും നിവൃത്തിയില്ലാതെ ബുദ്ധിമുട്ടിയ ഇവരെ ആദിവാസി മഹാസഭ പ്രവർത്തകരും നെടുമങ്ങാട് ഐ.ടി.ഡി.പി ഉദ്യോഗസ്ഥരും ആശുപത്രിയിൽ സന്ദർശിച്ചു. യുവതിയെയും കൈക്കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് അമ്മ ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നടപടിയെടുത്തില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ചും ഉപരോധവും സംഘടിപ്പിക്കുമെന്ന് ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണിയും സെക്രട്ടറി വലിയകുളം സന്തോഷും അറിയിച്ചു.