uparodham

കിളിമാനൂർ: കിളിമാനൂർ മണലേത്തുപച്ച ജനവാസമേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് മണലേത്തുപച്ച ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മുഴുവൻ പരിസരവാസികളും എതിർത്തിട്ടും പഞ്ചായത്തു ഭരണ സമിതി മൊബൈൽ ടവർ നിർമാതാക്കൾക്ക് അനുകൂലമായ നിലപാടെടുത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധം. ഹൈക്കോടതിയിൽ നിന്ന് അനുവാദം കിട്ടിയ സാഹചര്യത്തിലാണ് ഇപ്പോൾ ടവർ നിർമ്മാണം പുരോഗമിക്കുന്നത്. പഞ്ചായത്ത് എതിർപ്പില്ലെന്ന് നിലപാടെടുത്തതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കിളിമാനൂർ സി.ഐയുടെ മദ്ധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ജനകീയ സമിതിയുടെ നിയമപരമായ പോരാട്ടത്തിൽ പരിസരവാസികൾക്ക് അനുകൂലമായ നിലപാടെടുക്കാം എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജി.ജി. ഗിരികൃഷ്ണൻ, സെക്രട്ടറി ആകാശ് എസ്. തട്ടത്തുമല, ഹരിശങ്കർ, കെ.എസ്.യു ജില്ലാ സെക്രട്ടറി ആദേഷ് സുധർമ്മൻ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.