കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ലൈബ്രറിയനും എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റുമായ പ്രദീപ് കുമാറിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പൂവച്ചൽ ഗ്രാമ പഞ്ചായത്തിലേക്ക് ബി.ജെ.പി, എൻ.ജി.ഒ സംഘ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പിയുടെ പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. വീരണക്കാവ് മേഖലാ കമ്മിറ്റി പ്രസിഡന്റ് ദീപു അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.വി. രഞ്ജിത്ത്, മഹിളാമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീകല, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ബിന്ദു രാജേന്ദ്രൻ, ബീന, രേണുക, പൂവച്ചൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് ആർ.എസ്. ലാലു തുടങ്ങിയവർ സംസാരിച്ചു. പൂവച്ചൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.
എൻ.ജി.ഒ സംഘ് നടത്തിയ ഉപരോധ സമരം സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ടി.എൻ. രമേശ്, ആർ. ശ്രീകുമാരൻ, എസ്. സജീവ് കുമാർ, ജില്ലാ ഭാരവാഹികളായ പാക്കോട് ബിജു, എസ്. വിനോദ്കുമാർ, രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.