chandrayan-2
chandrayan 2

തിരുവനന്തപുരം:രണ്ടു പേർക്കും ഇനി രണ്ടു വഴി. 42 ദിവസത്തെ 'സഹയാത്ര' മതിയാക്കി ചന്ദ്രയാൻ-2 പേടകവും ലാൻഡറും വിജയകരമായി വേ‌ർപിരി‌ഞ്ഞു. പേടകം ഓർബിറ്റർ ആയി അതേ ഭ്രമണപഥത്തിൽ പ്രയാണം തുടരുമ്പോൾ, ലാൻഡർ ചന്ദ്രനിൽ ഇറങ്ങാൻ വഴി തിരഞ്ഞു തുടങ്ങി.

ഇന്നലെ ഉച്ച കഴിഞ്ഞ് 1.15- നായിരുന്നു പേടകത്തിൽ നിന്ന് ലാൻഡർ വേർപെട്ട നിർണായക നിമിഷം.

ദക്ഷിണധ്രുവത്തിലെ ഗർത്തങ്ങളായ മാൻഡിനസ് സി, സിംപ്ളിയസ് എൻ എന്നിവയ്ക്കു മധ്യത്തിലുള്ള പ്രദേശത്ത് സോഫ്ട് ലാൻഡ് ചെയ്യാനാണ് ഇനി ലാൻഡറിന്റെ ശ്രമം.ഈ ദൗത്യം വിജയിക്കുന്നതോടെ അമേരിക്ക, റഷ്യ, ചെെന എന്നീ രാജ്യങ്ങൾക്കു പിന്നാലെ ചന്ദ്രനിൽ പതിയെ പദമൂന്നുന്ന (സോഫ്ട് ലാൻഡിംഗ്) നാലാമതു രാജ്യമാകും, ഇന്ത്യ.

ചന്ദ്രയാൻ- 2 പേടകത്തെയും ലാൻഡറിനെയും തമ്മിൽ മുറിച്ചുമാറ്റുന്ന നിർണായക ദൗത്യമാണ് ഇന്നലെ ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ കേന്ദ്രത്തിലിരുന്ന് ശാസ്ത്രജ്ഞർ നിർവഹിച്ചത്. ആദ്യം പേടകത്തെയും ലാൻഡറിനെയും ബന്ധിപ്പിച്ചിരുന്ന 'മർമ്മൻ ബാൻഡ്' എന്ന സ്‌പ്രിംഗ് കെട്ട് മുറിച്ചു. അതോടെ സ്‌പ്രിംഗുകൾ വിടർന്നു. ആ പ്രവേഗത്തിൽ ലാൻഡർ സെക്കൻഡിൽ ഒരു മീറ്റർ എന്ന നിലയിൽ പേടകത്തിനു മുൻപേ കുതിച്ചു. മുന്നോട്ടുള്ള യാത്രയിൽ ഇൗ പ്രവേഗവ്യത്യാസം കാരണം ലാൻഡറിന് വേഗം കൂടിക്കൂടി പേടകത്തിൽ നിന്ന് കൂടുതൽ അകലും.

ഇന്ന്

 രാവിലെ 8.45 മുതൽ ഒരു മണിക്കൂറിനിടെ ലാൻഡറിന്റെ വേഗം കുറച്ച് ലാൻഡറിന്റെ ഭ്രമണപഥം താഴ്‌ത്തും (109 കിലോമീറ്റർ അടുത്തും 120 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലേക്ക്).

നാളെ

 വൈകിട്ട് മൂന്നിനും നാലുനുമിടയ്‌ക്ക് ലാൻഡറിന്റെ വേഗം വീണ്ടും കുറച്ച് ചന്ദ്രന് 36 കിലോമീറ്റർ അടുത്തും 110 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലേക്കു മാറ്റും. പിന്നെ, ദക്ഷിണധ്രുവത്തിൽ 70.9 ഡിഗ്രി തെക്കും 22.7 ഡിഗ്രി കിഴക്കും വരുന്ന സ്ഥലത്ത് ഇറങ്ങാൻ സാധ്യത തിരയും

ശനിയാഴ്ച

പുലർച്ചെ 1.30- നും 2.30 നും ഇടയ്ക്ക് ലാൻഡർ വേഗത കുറച്ച് പതുക്കെ നിലത്തേക്കിറങ്ങും. നാലു കാലുകൾ ഉറപ്പിച്ച്, ലാൻഡർ ചന്ദ്രന്റെ മണ്ണിൽ അമർന്നുനിൽക്കും. പരിസരവുമായി ഇണങ്ങാൻ നാലു മണിക്കൂർ. ഭൂമിയിലെ സമയം പുലർച്ചെ 5.30 ഒാടെ ലാൻഡറിലെ കവാടം തുറക്കപ്പെടും.

മൂൺ വാക്

ലാൻഡറിൽ നിന്ന് പ്രജ്ഞാൻ റോവർ ചന്ദ്രന്റെ മണ്ണിലേക്കിറങ്ങി നടക്കാൻ തുടങ്ങും.