തിരുവനന്തപുരം: സായുധ ബറ്റാലിയൻ കോൺസ്റ്റബിൾ പരീക്ഷയിൽ 'റാങ്കുകാരായ ' യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾക്ക് ഉത്തരങ്ങൾ എസ്.എം.എസായി അയച്ചുകൊടുത്ത എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ വി.എം. ഗോകുൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ കീഴടങ്ങി. ഇയാളെ 16വരെ റിമാന്റ് ചെയ്തു.
പ്രതികൾ പത്തു ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഗോകുൽ നാടകീയമായി കീഴടങ്ങിയത്. റിമാന്റിലായതോടെ ഗോകുലിനെ പൊലീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. മറ്റൊരു പ്രതി, നെടുമങ്ങാട് കല്ലറ വട്ടക്കരിക്കകം പറിങ്കിമാംവിള വീട്ടിൽ ദാവീദിന്റെ മകൻ ഡി.സഫീർ ഇനിയും പിടിയിലാവാനുണ്ട്.
പരീക്ഷാഹാളിന് പുറത്ത് വച്ച മൊബൈൽ ഫോൺ ബ്ലൂടൂത്ത് വഴി കൈയിലെ സ്‌മാർട്ട് വാച്ചുമായി ബന്ധിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. സഫീറും ഗോകുലും എസ്.എം.എസായി ഫോണിലേക്ക് അയച്ച ഉത്തരങ്ങൾ ബ്ലൂടൂത്ത് വഴി വാച്ചിൽ സ്വീകരിച്ചാണ് പ്രതികൾ ഉത്തരമെഴുതിയത്.
പരീക്ഷാദിവസം ഉച്ചയ്ക്ക് 1.32മുതൽ 2.02വരെ 29 എസ്.എം.എസുകളാണ് ഗോകുലിന്റെ മൊബൈലിൽ നിന്ന് രണ്ടാം റാങ്കുകാരനായ പ്രണവിന് ലഭിച്ചത്. 29 സന്ദേശങ്ങളിലായി എത്ര ഉത്തരങ്ങൾ കൈമാറിയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തണം. രണ്ടാം റാങ്കുകാരൻ പ്രണവിന്റെ അയൽക്കാരനാണ് ഗോകുൽ.
2015സെപ്തംബറിലെ കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 199-ാം റാങ്കുകാരനായിരുന്ന ഗോകുലിന് 2017ഫെബ്രുവരിയിലാണ് പരിശീലനം തുടങ്ങിയത്. ഒൻപത് മാസത്തെ പരിശീലനത്തിനുശേഷം എസ്.എ.പി ക്യാമ്പിൽ കോൺസ്റ്റബിളായി. അവിടെ ഓഫീസിലെ അക്കൗണ്ട് റൈറ്ററുടെ ചുമതല ലഭിച്ചു. ഏറ്റവും സ്വാധീനമുള്ളവർക്ക് ലഭിക്കുന്ന ചുമതലയാണിത്. എസ്.എം.എസ് അയച്ചവരുടെയെല്ലാം ടവർ ലൊക്കേഷൻ പാളയമാണെന്നാണ് കണ്ടെത്തൽ. ഉറ്റസുഹൃത്തായ പ്രണവ് തന്റെ ഫോൺ ഇടയ്ക്കിടെ വാങ്ങിക്കൊണ്ടുപോകാറുണ്ടായിരുന്നെന്നാണ് ഗോകുലിന്റെ വാദം.
ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28-ാം റാങ്കുമാണ്. രണ്ടാം റാങ്കുകാരൻ പ്രണവിന്റെ ഫോണിലേക്കാണ് സഫീർ സന്ദേശമയച്ചത്. ഇവരെല്ലാം പരീക്ഷയെഴുതിയത് വിവിധ കേന്ദ്രങ്ങളിലായിരുന്നെങ്കിലും, ഇവർ പഠിക്കുന്ന യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് ചോദ്യപേപ്പർ പുറത്തുപോയതെന്നാണ് നിഗമനം. പരീക്ഷയ്ക്കെത്താത്തവരുടെ ചോദ്യപേപ്പർ കോളേജിലെ ജീവനക്കാരോ അദ്ധ്യാപകരോ വാട്സ്ആപ്പിലൂടെ പുറത്തേക്ക് അയച്ചതായാണ് സംശയം. സംസ്കൃത കോളേജിന്റെ വരാന്തയിലിരുന്നാണ് ഗോകുലും സഫീറും ഉത്തരങ്ങൾ എസ്.എം.എസായി അയച്ചതെന്നാണ് കണ്ടെത്തൽ. പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായാണ് പി.എസ്.സി വിജിലൻസ് കണ്ടെത്തിയത്. സ്‌മാർട്ട് വാച്ചുകളും മൊബൈൽ ഫോണുകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവയിലേതെങ്കിലുമൊന്ന് കണ്ടെത്തിയാലേ സൈബർ ഫോറൻസിക് പരിശോധനയിലൂടെ സന്ദേശങ്ങൾ വീണ്ടെടുക്കാനാവൂ.