തിരുവനന്തപുരം: ഓണക്കാലത്ത് കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നത് 300 കോടി രൂപയുടെ വിപണിയാണെന്നും ഇത് ലക്ഷ്യമിട്ട് സംസ്ഥാനത്താകെ 3500 വിപണന കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണ ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം സ്റ്റാച്യു ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സബ്‌സിഡി സാധനങ്ങൾക്ക് പുറമെയുള്ള മറ്റു നിത്യോപയോഗ സാധനങ്ങൾ 30 ശതമാനം വരെ വിലക്കുറവിലാണ് സഹകരണ വിപണിയിൽ ലഭിക്കുക. കിലോയ്ക്ക് 200 രൂപയിലധികം വിലയുള്ള വെളിച്ചെണ്ണ 92 രൂപയ്ക്കും ജയ അരി ഒരു കാർഡിന് അഞ്ച് കിലോ വരെ 25 രൂപയ്ക്കും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യ വില്പന മന്ത്രി നിർവഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. പായസ കിറ്റിന്റെ ആദ്യ വില്പന അദ്ദേഹം നിർവഹിച്ചു. കൺസ്യൂമർഫെഡ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ലേഖ സുരേഷ്, അസി. രജിസ്ട്രാർ ഷെരീഫ്, കൗൺസിലർ വഞ്ചിയൂർ പി. ബാബു, റീജിയണൽ മാനേജർ ടി.എസ്. സിന്ധു എന്നിവർ പങ്കെടുത്തു.