തിരുവനന്തപുരം: ഗണപതിക്ഷേത്രങ്ങളിലെല്ലാം ഇന്നലെ വിനായകചതുർത്ഥി ആഘോഷിച്ചു. പുലർച്ചെ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ മുതൽ വലിയ ഭക്തജന തിരക്കാണ് ക്ഷേത്രങ്ങളിൽ അനുഭവപ്പെട്ടത്. ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗണപതി വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജാകർമ്മങ്ങൾ നടത്തിവരുന്ന സ്ഥലങ്ങളിൽ പ്രത്യേക പൂജയും കൊഴുക്കട്ട പൊങ്കാലയും അർപ്പിച്ചു.
പഴവങ്ങാടിയിൽ രാവിലെ പഞ്ചവിംശതികലശത്തോടെ പൂജകൾ ആരംഭിച്ചു. വർഷത്തിലൊരിക്കൽ നടത്താറുള്ള കളഭാഭിഷേകവും നടന്നു. പുതുക്കിപ്പണിത ക്ഷേത്രത്തിലെ നാളികേരമെറിയാനുള്ള നവീകരിച്ച സ്ഥലം ഇന്നലെ തുറന്നുകൊടുത്തു. ആദ്യം ക്ഷേത്രം വക 101 നാളികേരമുടച്ചു. സന്ധ്യാ ദീപാരാധനയ്ക്ക് ശേഷം രാത്രി 8ന് പുറത്തെഴുന്നള്ളത്ത് നടന്നു. മങ്കാട് ഗണപതി എന്ന കൊമ്പനാണ് പഴവങ്ങാടിദേവന്റെ സ്വർണവിഗ്രഹമേന്തിയത്. കിഴക്കേകോട്ടയിലൂടെ മൂന്നുതെരുവും കടന്ന് പദ്മവിലാസം റോഡിലൂടെ എഴുന്നള്ളത്ത് ക്ഷേത്രസന്നിധിയിൽ മടങ്ങിയെത്തി.
ശ്രീകണ്ഠേശ്വരം അരശുംമൂട് മഹാഗണപതി ക്ഷേത്രം, ശ്രീവരാഹം ശ്രീകുന്നാണ്ടൻ മഹാഗണപതിക്ഷേത്രം, കമ്മട്ടം മഹാഗണപതി ക്ഷേത്രം, പൂന്തുറ ശ്രീ ശാസ്താക്ഷേത്രം, കൊഞ്ചിറവിള ശ്രീഭഗവതി ക്ഷേത്രം, കരമന ശ്രീദേവിനഗർ നാഗരുകാവ് വിശ്വബ്രഹ്മദേവ ക്ഷേത്രം, മണമ്പൂർ ശ്രീ മഹാഗണപതി ക്ഷേത്രം, അമരവിള തിരുനാരായണപുരം ക്ഷേത്രം, കോട്ടയ്ക്കകം അഭേദാശ്രമം എന്നിവിടങ്ങളിൽ പ്രത്യേക പൂജകൾ നടന്നു.