pookkalam
ഇന്ററാക്ടീവ് പൂക്കളവുമായി ടെക്കികൾ

തിരുവനന്തപുരം: കണ്ടാൽ ഒന്നാന്തരം ചതുരപ്പൂക്കളം. ഒരുക്കിയത് ടെക്കികളാണെന്ന് അറിയുമ്പോൾ എന്തെങ്കിലുമൊരു ടെക്‌നിക് ആരും പ്രതീക്ഷിക്കും. മൊബൈലിൽ ഈ പൂക്കളം ഒന്നു പകർത്താൻ കാമറ തുറക്കുമ്പോൾ 'പൂക്കളം' പ്രതികരിച്ചു തുടങ്ങും! വെബ് സൈറ്റിലേക്കു പോകട്ടേ എന്ന് മൊബൈൽ ചോദിക്കും. ഒ.കെ കൊടുത്താൽ ടെക്‌നോപാർക്കിലെ മെറ്റൽ നെറ്റ്‌വ‌ർക്‌സ് കമ്പനിയുടെ ഓണാശംസാ പേജിലേക്ക്. അവിടെ ഭാഗ്യനറുക്കെടുപ്പിൽ പങ്കെടുത്ത് സമ്മാനമടിക്കാം.

ടെക്‌നോപാർക്കിലെ ഓണാഘോഷത്തോടനുബന്ധിച്ച് മെറ്റൽ നെറ്റ്‌‌വർക്‌സിലെ ടെക്കികളാണ് ഒരു ക്യൂ ആർ കോഡ് പൂക്കളത്തിന് ഡിസൈൻ ആക്കി പുതിയ ആശയം അവതരിപ്പിച്ചത്. മൊബൈൽ ഫോണിന് മനസിലാകുംവിധം ഡിജിറ്റൽ ഡാറ്റ എൻകോഡ് ചെയ്താണ് പൂക്കളത്തിന്റെ നിർമ്മിതി. പ്രത്യേക ആപ്പോ കമാൻഡോ ഒന്നുമില്ല. ഒരു ക്യു ആർ കോഡ് സ്‌കാൻ ചെയ്യുന്ന അതേ മാതൃക. അത്തപ്പൂക്കള മത്സരത്തിന്റെ നിയമങ്ങൾ കർശനമായിരുന്നതിനാൽ രണ്ടു മണിക്കൂർ കൊണ്ട് ക്യു ആർ പൂക്കളം പൂർത്തിയാക്കാൻ പലതവണ പ്രാക്ടീസ് ചെയ്തിരുന്നതായി ടീം ലീഡർ മഞ്ജു തോമസ് പറഞ്ഞു.