നെടുമങ്ങാട് : പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിമിതികളിൽ നിന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചികിത്സ സൗകര്യങ്ങളിലേയ്ക്ക് വളരുകയാണ് കരകുളത്തെ സർക്കാർ ആശുപത്രി.ഒരു മെഡിക്കൽ ഓഫീസറുടെ കീഴിൽ ഉച്ചവരെ മാത്രം പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ ഇപ്പോൾ രണ്ടു മെഡിക്കൽ ഓഫീസർമാർ അടക്കം നാല് ഡോക്ടർമാരുടെ സേവനം ഉണ്ട്. പരിശോധന മുതൽ മരുന്ന് വിതരണം വരെ കംപ്യുട്ടറൈസ്ഡ് സംവിധാനത്തിൽ. ഒ.പിയിൽ ഡോക്ടറുടെ അടുത്ത് ചെല്ലും മുമ്പ് മുതിർന്ന ആതുര സേവകന്റെ മേൽനോട്ടത്തിൽ സൗജന്യ പ്രാഥമിക പരിശോധന. സുസജ്ജമായ ലബോറട്ടറിയും ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയ എമർജൻസി ബഡ്ഡുകളുമാണ് മറ്റൊരു പ്രത്യേകത. വിവിധതരം സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ സേവനം വേറെ. സന്ദർശകർക്ക് പ്രത്യേക ഇരിപ്പിടങ്ങളും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും എടുത്തു പറയേണ്ടതാണ്. ആറിടങ്ങളിൽ ഉപകേന്ദ്രങ്ങളും തുടങ്ങി. ഇരുനില മന്ദിരത്തിൽ മൂന്ന് ബ്ലോക്കുകളിലായി വട്ടപ്പാറയിൽ പ്രവർത്തിക്കുന്ന കരകുളം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വളർച്ച ഇതര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് മാതൃകയാണ്.
സംസ്ഥാന സർക്കാർ ആരംഭിച്ച 100 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നെടുമങ്ങാട് മേഖലയിൽ അനുവദിച്ച ഏക ആരോഗ്യ കേന്ദ്രമാണ് കരകുളത്തേത്. ഇ-ഹെൽത്ത് സംവിധാനം ഫലപ്രമായി നടപ്പിലാക്കിയ ആതുരാലയമെന്ന ഖ്യാതിയും ഈ കുടുംബാരോഗ്യ കേന്ദ്രത്തിനാണ്.മാതൃക പ്രവർത്തനം കാഴ്ച വച്ചതിന് മന്ത്രി കെ.കെ ശൈലജ കരകുളം പഞ്ചായത്ത് അധികൃതരെയും ആരോഗ്യ പ്രവർത്തകരെയും നേരിട്ട് അഭിനന്ദിച്ചത് നേരത്തെ വാർത്തയായിരുന്നു.
കാച്ചാണി, ഏണിക്കര, കരകുളം, കല്ലയം, കഴുനാട്, ചിറ്റാഴ എന്നിവിടങ്ങളിലാണ് സബ് സെന്ററുകൾ പ്രവർത്തിക്കുന്നത്. ഐ.എസ്.ഒ സർട്ടിഫിക്കേഷനും നാഷണൽ ക്വളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷനും അടക്കം നിരവധി അംഗീകാരങ്ങൾ ഇതിനകം ലഭിച്ചു. സി. ദിവാകരൻ എം.എൽ.എയുടെയും ത്രിതല പഞ്ചായത്തുകളുടെയും വിവിധ ഫണ്ടുകളിൽ നിന്ന് 25 ലക്ഷം രൂപ ചെലവിട്ടാണ് പശ്ചാത്തല സൗകര്യങ്ങൾ സജ്ജീകരിച്ചത്.